ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി ഡീലിനെപ്പറ്റിയുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എത്ര രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമ സ്വന്തമാക്കിയതെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ചിത്രത്തില് നാല് ഗെറ്റപ്പിലാണ് അല്ലു അര്ജുന് എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്, അച്ഛന്, രണ്ട് മക്കള് എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്ജുന് അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്ട്ടുകള്. കരിയറില് ഇതുവരെ ഡബിള് റോള് ചെയ്യാത്ത അല്ലു അര്ജുന് ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. ആദ്യം രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അല്ലു അര്ജുന് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള് താക്കൂര്, ജാന്വി കപൂര്, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്. AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന് കോസ്റ്റ് വരുന്ന ചിത്രത്തിന്റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
ദീപിക പദുകോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. ദീപികയെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. അറ്റ്ലീ ദീപികയ്ക്ക് കഥ വിശദീകരിച്ച് കൊടുക്കുന്നതും ദീപിക സീനുകൾ ചെയ്യുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.
Content Highlights: Record OTT deal for Allu Arjun-Atlee film