പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം സിനിമയുടെ നിർമാതാക്കൾ ഇന്നലെ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ നടിയുടെ പുറത്താകലിന് പിന്നിലുള്ള കാരണങ്ങൾ പുറത്തുവരുകയാണ്.
തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തന്റെ ഒപ്പമുള്ള 25 ഓളം ടീമംഗങ്ങൾക്ക് ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ഒപ്പമുള്ള ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ നടിയോട് അഭ്യർത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് സൂചന. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം നടി ആവശ്യപ്പെട്ടെന്നും പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നടൻ പ്രഭാസ് പോലും ഇത്രയധികം ഡിമാൻഡ് വെക്കാറില്ലെന്നും എങ്ങനെയാണ് ഇത്തരം ഡിമാൻഡുകൾ നിർമാതാക്കൾക്ക് താങ്ങാനാകുക എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'സ്പിരിറ്റി'ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. കൽക്കിയിൽ നിന്ന് കൂടി ദീപികയെ ഒഴിവാക്കിയതോടെ നടിയുടെ ഡിമാന്റുകൾക്ക് നേരെ വിമർശങ്ങൾ ഉയരുന്നുണ്ട്. അതേസമയം, കൽക്കിയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ദീപിക ഇല്ലാതെ രണ്ടാം ഭാഗം എങ്ങനെ ആയിരിക്കുമെന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.
On Thursday, September 18, the makers shared a shocking announcement stating that Deepika will not be a part of the sequel and cited her commitment issues as the reason.#DNAUpdates | #deepikapadukone | #Kalki28989AD pic.twitter.com/bAMohUvX8X
2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.
Content Highlights: Reasons for removing deepika from Kalki 2