'ഇത്‌ അയാളുടെ കാലം അല്ലേ…', ലാലേട്ടന് ചെക്ക് വെക്കാൻ ആരുണ്ട്?; 'രാവണപ്രഭു' റീ റിലീസ് തീയതി പുറത്ത്

വമ്പൻ റിലീസ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ

സമീപകാലത്തായി മോഹൻലാലിന്റേതായി പുറത്തിറങ്ങിയ റീ റിലീസുകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകൾ രണ്ടാം വരവിലും തിയേറ്ററിൽ ആഘോഷമായി. ഇതിൽ ഛോട്ടാ മുംബൈ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ രാവണപ്രഭു റീ റിലീസിന് ഒരുങ്ങുന്നു എന്ന അപ്‌ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ഒക്ടോബർ 10 ന് രാവണപ്രഭു റീ റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്‌ഡേറ്റ്. വമ്പൻ റിലീസ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഛോട്ടാ മുംബൈ പോലെ രാവണപ്രഭുവിനും റീ റിലീസിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. മാറ്റിനി നൗ ആണ് സിനിമ റീ മാസ്റ്റർ ചെയ്യുന്നത്. 2001 ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.

മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു നടൻ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചത്.

Peak Commercial Entertainer #Ravanaprabhu returns to theaters on October 10 🔥#Mohanlal @Mohanlal #Ravanaprabhu4K pic.twitter.com/8IZ3ja6zQ7

അതേസമയം, വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും ഛോട്ടാ മുംബൈ നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

Content Highlights: Ravanaprabhu release date out now

To advertise here,contact us