നീരജ് ഗെയ്വാന് സംവിധാനം ചെയ്ത് ഇഷാന് ഖട്ടര്, വിശാല് ജെത്വ, ജാന്വി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ഹോംബൗണ്ട്'. സിനിമയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്ട്രി. നിര്മാതാവും സംവിധായകനുമായ എന്. ചന്ദ്ര ചെയര്മാന് ആയ സമിതിയാണ് ചിത്രം തിരഞ്ഞെടുത്തത്. കൊല്ക്കത്തയിലെ വാര്ത്താസമ്മേളനത്തില് സെലക്ഷന് കമ്മിറ്റി ചെയര്മാന് തന്നെയാണ് പ്രഖ്യാപനം നടത്തിയത്. സിനിമയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. 2015 ൽ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'മാസാൻ' എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു 'ഹോംബൗണ്ട്'.
24 ചിത്രങ്ങളോട് മത്സരിച്ചാണ് 'ഹോംബൗണ്ടി'നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്ട്രിയായി തിരഞ്ഞെടുത്തത്. ദ ബംഗാള് ഫയല്സ്, പുഷ്പ 2, കേസരി ചാപ്റ്റര് 2, കണ്ണപ്പ, കുബേര, ഫുലെ തുടങ്ങി ബോക്സ് ഓഫീസിൽ വാൻ വിജയങ്ങൾ നേടിയ ചിത്രങ്ങളടക്കം സെലക്ഷന് കമ്മിറ്റിയുടെ മുമ്പാകെ എത്തിയിരുന്നു. മലയാളിയായ രാജീവ് അഞ്ചല് ഉള്പ്പെടെ 14 പേരായിരുന്നു സെലക്ഷന് കമ്മിറ്റിയില് ഉണ്ടായിരുന്നത്. കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ പൊലീസിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് 'ഹോംബൗണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം.
Content Highlights: Neeraj Gaiwan's film 'Homebound' is India's official Oscar entry