എവിടെ എന്ന് ചോദിച്ചില്ലേ ദാ എത്തി; കാന്താരയുടെ ട്രെയ്‌ലർ ഈ ദിവസം എത്തും | Kantara Chapter 1 | Trailer Update

ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കാന്താര ചാപ്റ്റർ ഒന്നിന്റെ ട്രെയ്‌ലർ സെപ്റ്റംബർ 22ന് പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി അറിയിച്ച് സിനിമയുടെ ടീം. ഒരുപാട് നാളുകളായി ചിത്രത്തിന്റെ ട്രെയ്‌ലർ എവിടെയെന്ന ആരാധകരുടെ ചോദ്യത്തിന്റെ ഒരു അന്ത്യം എത്തിയിരിക്കുകയാണ്. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്.

ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു. ചരിത്രം ആവർത്തിക്കാൻ ഇനി ദിവസങ്ങൾ മാത്രം. പി ആർ ഒ. മഞ്ജു ഗോപിനാഥ്,ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്.

Content Highlights: Kantara chapter 1 trailer update

To advertise here,contact us