കുഴഞ്ഞു വീഴും മുന്നേ നേരത്തെ ശരീരം സൂചന നൽകിയിരുന്നു, റോബോ ശങ്കറിന്റെ വിയോഗത്തിൽ സഹോദരൻ

ശങ്കറിന് ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും സഹോദരൻ വെളിപ്പെടുത്തി

തമിഴ് സിനിമ നടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗിനിടെയാണ് അദ്ദേഹം ബോധരഹിതനായി വീണത്. നടന്റെ മരണവാർത്ത അറിഞ്ഞതുമുതൽ സിനിമാരംഗത്തുനിന്നുള്ള നിരവധി പേരാണ് നടനെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ നടന്റെ മൂത്ത സഹോദരൻ ശിവരാമന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സെപ്റ്റംബർ 15 ന് ശങ്കർ പ്രസാദത്ത് എന്ന സ്റ്റുഡിയോയിൽ ഒരു സിനിമാ പൂജയിൽ പങ്കെടുത്തിരുന്നുവെന്നും തുടർന്ന് ഒരു ഷൂട്ടിംഗിന് പോയതായും അദ്ദേഹം പറഞ്ഞു. ഇവിടെ വെച്ച് ശങ്കറിന് ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും സഹോദരൻ വെളിപ്പെടുത്തി. ഈ ആശുപത്രിൽ വെച്ച് ട്രിപ്പ് ഇട്ട ശേഷം അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചതായി സഹോദരൻ കൂട്ടിച്ചേർത്തു.

ശങ്കറിന്റെ ആദ്യകാല ജീവിതത്തെയും പ്രശസ്തിയിലേക്കുള്ള ഉയർച്ചയേയും ശിവരാമൻ അനുസ്മരിച്ചു. ആറാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട ശങ്കർ, കോളേജ് പഠനകാലത്ത് ഒരു സ്റ്റേജ് പെർഫോമറായി മാറണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമൽഹാസന്റെ കടുത്ത ആരാധകനായ ശങ്കർ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകൾ അനുകരിച്ചാണ് ശ്രദ്ധ നേടുന്നത്. ഫിറ്റ്നസ് ശ്രദ്ധിച്ചിരുന്ന നടൻ നിരവധി ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുക്കുകയും മിസ്റ്റർ മദ്രാസ്, മിസ്റ്റർ യൂണിവേഴ്സിറ്റി, മിസ്റ്റർ തമിഴ്നാട്, മിസ്റ്റർ ഇന്ത്യ തുടങ്ങി നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

നടന്മാരായ ധനുഷ്, ശിവകാർത്തികേയൻ, വിജയ് ആന്റണി, എം എസ് ഭാസ്കർ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പേരാണ് നടന്റെ വിയോഗ വാർത്ത അറിഞ്ഞു അവസാനമായി കാണാനായി വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. ഒട്ടനവധി സിനിമകളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത നടനായിരുന്നു റോബോ ശങ്കർ. 'മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

Content Highlights: Brother mourns Robo Shankar's death

To advertise here,contact us