മലയാളം 'ദൃശ്യം 3' ആദ്യം വരും; നമുക്ക് മുൻപേ ബോളിവുഡ് ചെയ്താൽ ലീഗൽ ആയി നീങ്ങും: ജീത്തു ജോസഫ്

'അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്'

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. മലയാളം പതിപ്പിനൊപ്പം നേരത്തെ മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പും ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് മലയാളം പതിപ്പിന് മുൻപേ ഹിന്ദി ദൃശ്യം 3 പുറത്തിറങ്ങുമെന്നും അത് മലയാളത്തിൽ നിന്നും വ്യത്യസ്തമായ കഥ ആയിരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മലയാളം ദൃശ്യം 3 തന്നെയാണ് ആദ്യം വരുന്നതെന്നും നമുക്ക് മുൻപ് ഹിന്ദി പതിപ്പ് ചെയ്‌താൽ ലീഗൽ ആയി നീങ്ങുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

'മലയാളം ആണ് ആദ്യം വരുന്നത്, നമ്മുടെ സ്ക്രിപ്റ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണ്. അവർ സ്വന്തമായിട്ട് ചെയ്‌താൽ നമ്മൾ ലീഗൽ ആയിട്ട് നീങ്ങേണ്ടിവരും. എന്റെ സ്ക്രിപ്റ്റ് പൂർത്തിയാകുമ്പോൾ അത് നമ്മൾ അവരുമായി ഷെയർ ചെയ്യും. സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞാൽ മാത്രമേ റിലീസിനെക്കുറിച്ച് പറയാൻ പറ്റുള്ളൂ', ജീത്തു ജോസഫിന്റെ വാക്കുകൾ.

ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജ്കുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്.

മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. പക്ഷെ പ്രേക്ഷകർ എന്താണ് മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം. അടുത്ത മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും', ജീത്തു ജോസഫിന്റെ വാക്കുകൾ.

#JeethuJoseph says Hindi version Team Waiting for Malayalam version Script Completion They can't go for first shoot since OG warns about legal consequences so they are waiting Whereas #Drishyam3 Orginal Malayalam 🎥 from sep22#Mohanlal #Hridayapoorvampic.twitter.com/URSEy6Mo5y

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

content highlights: jeethu joseph about hindi Drishyam 3

To advertise here,contact us