കാണാൻ കൊള്ളില്ലെന്ന് പറയുന്നത് കേട്ടാണ് വളർന്നത്, കൊള്ളാം എന്ന് പറഞ്ഞത് ആ പെൺകുട്ടി; ചന്തു സലിംകുമാർ

എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആ കുട്ടി, ചന്തു സലിംകുമാർ പറയുന്നു

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ചന്തു സലിംകുമാർ അവതരിപ്പിച്ച വേണു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ചന്തുവിന്റെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രമാണ് വേണു. ഒരു നടനാകാനുള്ള സൗന്ദര്യം തനിക്ക് ഇല്ലെന്ന് വിചാരിച്ചിരുന്നുവെന്നും ആദ്യമായി കാണാൻ കൊള്ളാമെന്ന് പറയുന്നത് കോളേജിൽ ഉണ്ടായിരുന്ന കാമുകി ആണെന്നും ചന്തു പറഞ്ഞു.

തന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തി ആ പെൺകുട്ടി ആയിരുന്നുവെന്നും സിനിമയിൽ അഭിനയിച്ചാൽ നന്നാകുമെന്ന് ആദ്യമായി പറഞ്ഞത് ആ കുട്ടി ആയിരുന്നുവെന്നും ചന്തു പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചന്തുവിന്റെ പ്രതികരണം.

'ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് ഞാൻ. കാണാന്‍ കൊള്ളില്ല എന്ന് കേട്ട് വളര്‍ന്ന ഒരാളായതിനാൽ നടനാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. നടനാകാന്‍ സൗന്ദര്യം വേണം എന്നൊരു ചിന്തയുണ്ട്. അത് കേട്ടാണ് വളര്‍ന്നാണ്. നടനാകണമെന്ന് പറയുമ്പോള്‍ തമിഴ് സിനിമയില്‍ ഭാവിയുണ്ട് എന്നാണ് പറയുക, അത് ഞാന്‍ രക്ഷപ്പെടണം എന്നു കരുതി പറയുന്നതല്ല. കറുത്തവനാണ്, കറുത്തവര്‍ തമിഴ് സിനിമയിലാണ് വരേണ്ടത് എന്നൊരു പൊതുബോധത്തിന്റെ ഭാഗമാണ്.

ഇത്തരം കാര്യങ്ങളിലൂടെ വളര്‍ന്നു വന്നൊരാള്‍ ആയതിനാല്‍ നടനാകാന്‍ പറ്റും എന്നൊരു ചിന്തയുണ്ടായിരുന്നില്ല. കണ്ണാടിയിലൊക്കെ നോക്കി അഭിനയിച്ചു നോക്കുമ്പോഴും ഇതെല്ലാം കേട്ട് വളര്‍ന്നതിനാല്‍ എനിക്ക് ഒരിക്കലും തൃപ്തി ലഭിച്ചിരുന്നില്ല. എങ്ങനെയൊക്കെ കരഞ്ഞാലും കാണാന്‍ കൊള്ളില്ല. എനിക്ക് എന്നെ കാണാന്‍ ഇഷ്ടമല്ലാതായി. അങ്ങനൊരു ഘട്ടത്തിലാണ് കോളജില്‍ വച്ച് ആദ്യമായൊരു പ്രണയമുണ്ടാകുന്നത്. ആദ്യമായി എന്നെ കാണാന്‍ കൊള്ളാം എന്ന് പറയുന്നത് ആ കുട്ടിയാണ്. അത് കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. പ്രണയിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കൊള്ളാമെന്ന് പറയുമല്ലോ. എങ്കിലും അതൊരു ആത്മവിശ്വാസം നല്‍കി. സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് ആദ്യമായി പറയുന്നത് ആ കുട്ടിയാണ്.

കോളജില്‍ പഠിക്കുമ്പോള്‍ എന്റെ ആഗ്രഹം ഓസ്‌കര്‍ വാങ്ങണമെന്നായിരുന്നു. അതിനായി സ്‌ക്രീന്‍ റൈറ്റിങ് പഠിക്കാനാണ് ലിറ്ററേച്ചര്‍ എടുത്തത് എന്നായിരുന്നു പറഞ്ഞിരുന്നത്. സാധാരണ ഞാന്‍ ഓസ്‌കര്‍ എന്ന് പറയുമ്പോള്‍ എല്ലാവരും ചിരിക്കും. പക്ഷെ ആ കുട്ടി മാത്രം ചിരിച്ചില്ല. ഒരു ദിവസം കിട്ടും എന്നൊരു വിശ്വാസം തന്നു. എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആ കുട്ടി,' ചന്തു സലിം കുമാർ പറഞ്ഞു.

Content Highlights: Chandu Salim Kumar says it was his girlfriend who first told him to act in a movie

To advertise here,contact us