മാർക്കോ 2 എത്തുന്നു, ഉണ്ണി മുകുന്ദന് പകരം നായകൻ യാഷോ ?

"ലോർഡ് മാർക്കോ" എന്ന പുതിയ ചിത്രവുമായി ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ "മാർക്കോ" ക്ക് ശേഷം ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം വീണ്ടും ഒന്നിക്കുന്നു. ക്യൂബ്സ് എന്ററൈൻമെൻറ് ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് "ലോർഡ് മാർക്കോ" എന്നാണെന്ന് ചിത്രത്തിന്റെ ചേംബർ ഓഫ് കൊമേഴ്സിലെ രജിസ്ട്രേഷൻ രേഖകൾ വ്യകതമാക്കുന്നത്. വമ്പൻ മാസ്സ് ആക്ഷൻ എന്റർറ്റൈനർ ആയി മാർക്കോയെയും വെല്ലുന്ന കാൻവാസിൽ ആണ് "ലോർഡ് മാർക്കോ" ഒരുക്കാൻ പോകുന്നതെന്നാണ് സൂചന.

കന്നഡ സൂപ്പർ താരം യാഷ് ചിത്രത്തിൽ നായകനായി എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്ന ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വയലന്റ് ആക്ഷൻ ചിത്രമായാണ് ഹനീഫ് അദനി- ക്യൂബ്സ് എന്റർടൈൻമെന്റ് ടീം 'മാർക്കോ' ഒരുക്കിയത്. അതിന്റെ പതിന്മടങ്ങു മുകളിൽ നിൽക്കുന്ന സിനിമാനുഭവം സമ്മാനിക്കാനാണ് "ലോർഡ് മാർക്കോ" എന്ന ചിത്രത്തിലൂടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും സംവിധായകൻ ഹനീഫ് അദനിയും ലക്ഷ്യമിടുന്നത്.

അതേസമയം, തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാർക്കോയുടെ തുടർച്ച അതിനേക്കാൾ വലിയ കാൻവാസിൽ വരുമെന്നാണ് അണിയറക്കാർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ മാർക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് അടുത്തിടെ നായകനായ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. മാര്‍ക്കോ 2വിനെ പറ്റി ചോദിച്ച ഒരാളുടെ കമന്‍റിന് മറുപടിയായാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നത്.

'ബ്രോ, ക്ഷമ ചോദിക്കുന്നു. മാർക്കോ സിരീസ് തുടരാനുള്ള ആലോചന ഞാൻ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാർക്കോയേക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. നിങ്ങളുടെ സ്‌നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി', എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്. എന്നാല്‍ മാര്‍ക്കോ 2വിനെ കുറിച്ചുള്ള ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ഇപ്പോള്‍ വന്നിരിക്കുന്ന മറുപടി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. സിനിമയുടെ കാര്യത്തില്‍ ഉണ്ണി മുകുന്ദനും നിര്‍മാതാക്കളും രണ്ട് തട്ടിലാണോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.

content highlights: The makers have confirmed the second part of the Marco movie

To advertise here,contact us