മലയാള സിനിമയെ പ്രശംസിച്ച് ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗൻ. മലയാള സിനിമയിൽ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ലെന്നും അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റില് വര്ക്ക് ചെയ്യാന് ആളുകള് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ പോലെയൊരു സൂപ്പർ താരം ഗേ ആയി വന്നാലും വൃദ്ധനായി വന്നാലും, പ്രേതമായി വന്നാലും സ്വീകരിക്കാൻ മലയാളത്തിൽ പ്രേക്ഷകർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
'മലയാളത്തില് സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ല. അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റില് വര്ക്ക് ചെയ്യാന് ആളുകള് തയ്യാറാണ്. ബജറ്റ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കില് മലയാളം സിനിമയ്ക്ക് ഇന്നത്തെ അവസ്ഥയിലെത്താന് സാധിക്കില്ലായിരുന്നു. ചെലവേറിയ എമ്പുരാന് പോലുള്ള സിനിമകളും വലിയ പ്രതിഫലം വാങ്ങുന്ന നടന്മാരുമുണ്ട് അവിടെ. പക്ഷെ മറ്റിടങ്ങളില് പണം അനിയന്ത്രീതമാണ്.
മുന്നൂറ് കോടി മുടക്കുന്ന സിനിമയില് പരീക്ഷണം സാധ്യമാകില്ല. തുടക്കം മുതല് അങ്ങനെയാണ്. മോഹന്ലാലും മമ്മൂട്ടിയും താരങ്ങളല്ല എന്നല്ല. അവര് മെഗാസ്റ്റാറുകളാണ്. പക്ഷെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും താരങ്ങളെ ആരാധിക്കുന്നത് വേറൊരു തരത്തിലാണ്. രജനികാന്തിന്റെ കഴിവില് യാതൊരു സംശയവുമില്ല. പക്ഷെ അദ്ദേഹം ഒരു ഇമേജില് ഒതുങ്ങിപ്പോയിരിക്കുകയാണ് എന്നത് നൂറ് ശതമാനം ശരിയാണ്.
അതേസമയം മമ്മൂട്ടിയ്ക്കും മോഹന്ലാലിനും എന്തും ചെയ്യാം. മമ്മൂട്ടിയ്ക്ക് ഗേ ആകാം, സ്ട്രെയ്റ്റ് ആകാം, പ്രായമുള്ളയാളും ചെറുപ്പക്കാരനും പ്രേതവും ആകാം. എന്തു ചെയ്താലും സ്വീകരിക്കപ്പെടും. താരങ്ങളെ എങ്ങനേയും അംഗീകരിക്കാന് തയ്യാറാണ് അവര്. അത് നമ്മള് സംസാരിക്കാറില്ല. എങ്ങനെയാണ് സിനിമ ഉണ്ടാക്കിയതെന്നും എന്ത് കഥയാണ് പറയുന്നതെന്നും മാത്രമാണ് നമ്മള് നോക്കുന്നത്. സിനിമയ്ക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം നല്കുന്നത് പ്രേക്ഷകരാണ്. അവര് പോയി കണ്ടില്ലെങ്കില് ഒന്നുമില്ല,' ഭരദ്വാജ് രംഗന് പറഞ്ഞു. റോണഖ് മാങ്കോട്ടിലിന്റെ റിവ്യുവേഴ്സ് റൗണ്ട് ടേബിളില് സംസാരിക്കുകയായിരുന്നു ഭരദ്വാജ് രംഗന്.
content highlights: Film critic Bharadwaj Rangan praises Malayalam cinema