ആരാണ് 'ലോക'യിൽ ദുൽഖർ?, ആരാണ് മൂത്തോൻ?; സൂചനകൾ നൽകി സംവിധായകൻ ഡൊമിനിക് അരുൺ

'നിൻജ റഫറൻസുകൾ ഉള്ള എന്നാൽ നമ്മുടെ നാടോടിക്കഥയുമായി കണക്ട് ചെയ്ത ഒരു കഥാപാത്രമാണത്'

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ഉത്ഭവകഥ മൂത്തോൻ എന്ന കഥാപാത്രത്തിനെക്കുറിച്ച് വരും എന്ന് ഡൊമിനിക് പറഞ്ഞു. ദുൽഖറിന്റെ കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ഭാഗങ്ങളിൽ വരുമെന്നും ഡൊമിനിക് പറഞ്ഞു.

'ദുൽഖറിന്റെ കഥാപാത്രം ശരിക്കും ആരാണെന്ന് രണ്ടാം ഭാഗം വരുമ്പോൾ കുറച്ച് കൂടി വ്യക്തമാകും. നിൻജ റഫറൻസുകൾ ഉള്ള എന്നാൽ നമ്മുടെ നാടോടിക്കഥയുമായി കണക്ട് ചെയ്ത ഒരു കഥാപാത്രമാണത്. വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ഉത്ഭവകഥ മൂത്തോനെക്കുറിച്ച് വരും. ആ കൈ മമ്മൂക്കയുടേത് അല്ല പക്ഷെ ശബ്ദം അത് അദ്ദേഹത്തിന്റേതാണ്. ഞങ്ങൾ അങ്ങോട്ട് പോയി ചോദിച്ചു വോയിസ് ചെയ്തു തരുമോ എന്ന്. അപ്പോ ആദ്യത്തെ ചെയ്തിട്ട് വാ എന്നിട്ട് നോക്കാം എന്നാണ് പറഞ്ഞത്', ഡൊമിനികിന്റെ വാക്കുകൾ.

ലോകയിൽ ദുല്‍ഖര്‍ ചാര്‍ലി എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. 'ലോക'യുടെ ലോകത്ത് നിന്നുള്ള ഒടിയന്‍ ആണ് ദുൽഖറിന്റെ ചാര്‍ലി. "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിന് ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

Dominic Arun confirms that Dulquer Salmaan’s Odiyan character will also appear in #Lokah Chapter 2, with more details about his role being fully revealed❗pic.twitter.com/uhLz7dD5Gg

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്.

Content Highlights: Dominic Arun about Mammootty and Dulquer role in Lokah

To advertise here,contact us