‘കിളിച്ചുണ്ടൻ മാമ്പഴം’, ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. 2004 ൽ 31 ആം വയസ്സിലാണ് സൗന്ദര്യ ഒരു പ്ലെയിൻ അപകടത്തിൽ മരണപ്പെട്ടത്. ആ പ്ലെയിൻ ദുരന്തത്തിൽ താനും പെടേണ്ടതായിരുന്നു എന്ന് പറയുകയാണ് നടി മീന. ജഗപതി ബാബുവിന്റെ ഒരു ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു നടി. സൗന്ദര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മീനയുടെ മറുപടി.
‘ഞങ്ങൾ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാർത്ത എന്നെ ഞെട്ടിച്ചിരുന്നു. ഇന്നും ആ ഞെട്ടലിൽ നിന്ന് എനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട് ഞാൻ തകർന്നുപോയി,' മീന പറഞ്ഞു. അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷമാണ് മീന ഇക്കാര്യം തുറന്നുപറയുന്നത്.
സിനിമയ്ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമായിരുന്ന സൗന്ദര്യ. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആന്ധ്രപ്രദേശിലെ കരിം നഗറിൽ പോകുന്ന വഴി വിമാനം തകർന്നു വീണായിരുന്നു അപകടം നടന്നത്. ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന സിംഗിൾ എൻജിൻ എയർക്രാഫ്റ്റായ 'സെസ്ന 180' ആണ് ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും സമയത്തിനുള്ളിൽ തകർന്നുവീണത്. സൗന്ദര്യയും സഹോദരനും ആ അപകടത്തിൽ മരണപ്പെട്ടു. മരണപ്പെടുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു എന്നതും ആരാധകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു.
content highlights: Actress Meena says she should have been on the plane where Soundarya died