തെന്നിന്ത്യൻ സിനിമയിൽ ആരാധകർ ഏറെയുള്ള സംഗീത സംവിധായകനാണ് ഇളയരാജ. മലയാളത്തിലും തമിഴിലും ആയി അദ്ദേഹം ഈണം നൽകിയ ഗാനങ്ങൾക്ക് ആരാധകർ ഇപ്പോഴും ഏറെയാണ്. ഇളയരാജയുടെ ഒരു പാട്ടെങ്കിലും ആസ്വദിക്കാത്ത മനുഷ്യർ ഉണ്ടാകില്ല. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുകയാണ് ഇളയരാജ. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസനം ചെന്നൈയിൽ നടന്നിരുന്നു. വേദിയിൽ അദ്ദേഹത്തെ പുകഴ്ത്തി രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'കരിയറിന്റെ തുടക്കത്തിൽ പലരും അദ്ദേഹത്തെ അപമാനിച്ചിട്ടുണ്ട്. ഒരു സിനിമയുടെ റെക്കോഡിങ് നടക്കുന്നതിനിടയിൽ ആ സ്റ്റുഡിയോയിൽ നിന്ന് അദ്ദേഹത്തെ ഇറക്കി വിട്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് അത് വളരെ വിഷമം ഉണ്ടാക്കി. എന്നാൽ ഒരു വർഷം കൊണ്ട് തന്നെ ഇറക്കി വിട്ട സ്റ്റുഡിയോയുടെ അടുത്ത് ഇളയരാജ സ്റ്റുഡിയോ എന്ന പേരിൽ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോ അദ്ദേഹം തുറന്നു.
അതുപോലെ ഒരു സിനിമയിൽ വർക്ക് ചെയ്ത ശേഷം പൈസ കൊടുക്കാതെ അദ്ദേഹത്തെ പറഞ്ഞു വിട്ടിട്ടുണ്ടായിരുന്നു. ആ പടത്തിലെ പാട്ടുകൾ വേറെ പടത്തിലെല്ലാം ഉപയോഗിച്ച് നിർമാതാക്കൾ ഒരുപാട് പൈസയുണ്ടാക്കി. തന്റെ പേര് വെച്ച് അവർ പൈസയുണ്ടാക്കുന്നത് നിർത്താൻ വേണ്ടിയാണ് അദ്ദേഹം കോടതിയിൽ കോപ്പിറൈറ്റിന് കേസ് കൊടുത്തത്.
കേസ് ജയിച്ചതിന് ശേഷം തന്റെ പാട്ടുകൾ അനുവാദമില്ലാതെ ആരും പാടരുതെന്ന് മാധ്യമങ്ങളെ അറിയിക്കാൻ തന്റെ മാനേജരോട് സ്വാമി ആവശ്യപ്പെട്ടു. രാത്രി ഒമ്പത് മണിക്ക് അറിയിക്കാനാണ് സ്വാമി പറഞ്ഞത്. അതേ ദിവസം അമേരിക്കയിൽ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൺസേർട്ട് നടക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തോടും വിളിച്ച് പറയാൻ സ്വാമി ആവശ്യപ്പെട്ടു. 'അത് അയാൾ കേൾക്കും. അത്രക്ക് സൗഹൃദമാണ് ഞങ്ങൾ തമ്മിൽ' എന്നായിരുന്നു സ്വാമി പറഞ്ഞത്.
കൺസേർട്ട് തുടങ്ങാൻ കുറച്ച് സമയം മാത്രം ബാക്കിയുള്ളപ്പോൾ എസ് പി ബി ഇക്കാര്യം ആളുകളെ അറിയിച്ചു. വേറെ മ്യൂസിക് ഡയറക്ടേഴ്സിന്റെ പാട്ടുകൾ പാടി അദ്ദേഹം പരിപാടി പൂർത്തിയാക്കി. കൊവിഡിന്റെ സമയത്ത് തമിഴ് സിനിമയെ ഏറെ വേദനിപ്പിച്ച മരണങ്ങളിലൊന്നായിരുന്നു എസ് പി ബിയുടേത്. അന്ന് ഇളയരാജ് സാർ അദ്ദേഹത്തിന് വേണ്ടി കണ്ണീരൊഴുക്കിയത് ഞാൻ കണ്ടതാണ്. സ്വന്തം ഭാര്യയും മകളും മരിച്ചപ്പോൾ കരയാത്ത ഇളയരാജ അന്ന് സുഹൃത്തായ എസ് പി ബിക്ക് വേണ്ടി കരഞ്ഞു,' രജിനികാന്ത് പറയുന്നു.
content highlights: rajinikanth about ilayaraja