മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രം 'വൃഷഭ'യുടെ ടീസർ സെപ്റ്റംബർ 18ന് പുറത്തിറങ്ങും. മോഹൻലാൽ തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചത്. 'The Battles, The Emotions, The Roar' എന്ന കുറിപ്പോടെ പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു യോദ്ധാവിന്റെ രൂപത്തിലുള്ള മോഹൻലാലിൻ്റെ ഗംഭീര ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. നീണ്ട മുടിയും കയ്യിൽ വാളുമേന്തി നിൽക്കുന്ന ലാലേട്ടൻ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
The Battles, The Emotions, The Roar.Vrusshabha Teaser drops on 18th September.#RoarOfVrusshabha #Vrusshabha #TheWorldofVrusshabha@Connekktmedia @balajimotionpic @FilmDirector_NK #ShobhaKapoor @EktaaRKapoor #CKPadmaKumar #VarunMathur @imsaurabhmishra @abhishekv_77… pic.twitter.com/v1oHpczF7w
സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. അടുത്തിടെ മോഹൻലാൽ ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികളും പൂർത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം ഷനായ കപൂർ, സാറാ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പിതാവിൻ്റെയും മകൻ്റെയും ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 16ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി 'വൃഷഭ' മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുമ്പോൾ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. അതുകൊണ്ടുതന്നെ, മലയാള സിനിമലോകം മാത്രമല്ല, ഇന്ത്യൻ സിനിമലോകം മുഴുവൻ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.
ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില് ഇമോഷന്സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.
content highlights : Mohanlal announced Vrushabha teaser release date