അന്ന് ആ സിനിമയ്ക്കായി ഞാൻ രണ്ടരക്കൊല്ലം നിർമാതാവിനെ തേടി നടന്നു, ഇന്ന് കാലം മാറി: ജീത്തു ജോസഫ്

'ഒരു കഥ വന്നാൽ, അതിൽ ഒന്നിലേറെ നായകന്മാർക്ക് ഇടമുണ്ടെങ്കിൽ അത് ചെയ്തിരിക്കും. സൂപ്പർ ഹീറോയ്ക്ക് ഇടമുണ്ടെങ്കിൽ അത്തരം സിനിമകളും ചെയ്യും'

ഇന്ന് സ്ത്രീ കേന്ദ്രീകൃതം, പുരുഷ കേന്ദ്രീകൃതം എന്നുള്ള വേർതിരിവ് ഇല്ലെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ സിനിമ തിയേറ്ററിൽ വിജയിക്കും എന്നും ജിത്തു ജോസഫ്. മമ്മി ആൻഡ് മി എന്ന ചിത്രം ചെയ്യാൻ ഒരു നിർമാതാവിനെ കിട്ടാൻ രണ്ടരക്കൊല്ലം താൻ നടന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറിയെന്നും മിറാഷ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

'രണ്ട് മൂന്ന് വർഷം മുമ്പേ വർക്ക് ചെയ്തുവന്ന സ്ക്രിപ്റ്റാണ് മിറാഷിന്റേത്. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന തിരക്കഥകളിൽ ചിലതിൽ കുട്ടികളുടെ ചിത്രമുൾപ്പെടെയുണ്ട്. അത് സംഭവിക്കുക ചിലപ്പോൾ രണ്ട് വർഷം കഴിഞ്ഞായിരിക്കും. ഒരു കഥ വന്നാൽ, അതിൽ ഒന്നിലേറെ നായകന്മാർക്ക് ഇടമുണ്ടെങ്കിൽ അത് ചെയ്തിരിക്കും. സൂപ്പർ ഹീറോയ്ക്ക് ഇടമുണ്ടെങ്കിൽ അത്തരം സിനിമകളും ചെയ്യും. ഒരു പ്രത്യേക ജോണർ ചെയ്യണം എന്നു കരുതി ഒരിക്കലും ഇറങ്ങാറില്ല. മമ്മി ആൻഡ് മി എന്ന ചിത്രം ചെയ്യാൻ ഒരു നിർമാതാവിനെ കിട്ടാൻ രണ്ടരക്കൊല്ലം നടന്നു. ഇന്ന് കാലം മാറി. ഇപ്പോൾ സിനിമയിൽ സ്ത്രീ കേന്ദ്രീകൃതം, പുരുഷ കേന്ദ്രീകൃതം എന്നുള്ള വേർതിരിവിന്റെ ആവശ്യമില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ സിനിമ തിയേറ്ററിൽ വിജയിക്കും. അത് എന്നും തെളിയിക്കപ്പെട്ട വസ്തുതയാണ്', ജീത്തു ജോസഫ് പറഞ്ഞു.

മിറാഷ് ആണ് ഇനി പുറത്തിറങ്ങാനുള്ള ജീത്തു ജോസഫ് ചിത്രം. സെപ്റ്റംബര്‍ 19ന് സിനിമ വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്‌സ്ഓഫിസില്‍ വന്‍ വിജയമായി മാറിയിരുന്നു. ഏറെ ചര്‍ച്ചയായി മാറിയിരുന്ന 'കൂമന്‍' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

content highlights: Jeethu joseph about mummy and me movie

To advertise here,contact us