'കാന്ത' ഒരു ക്ലട്ടര് ബ്രേക്കായിരിക്കുമെന്ന് നടനും നിര്മാതാവുമായ ദുല്ഖര് സല്മാന്. കാന്ത ഒരു സാധാരണ സിനിമ ആയിരുന്നില്ലെന്നും അത് ഷൂട്ട് ചെയ്ത രീതി പോലും വ്യത്യസ്തമായിരുന്നുവെന്നും ദുല്ഖര് പറഞ്ഞു. കാന്തയുടെ റിലീസ് തീയതി മാറ്റാന് കാരണം ലോക സിനിമയുടെ വിജയമാണെന്നും ദുല്ഖര് വ്യക്തമാക്കി. 'ലോക'യുടെ ടീമിനൊപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോക'യ്ക്ക് ലഭിച്ച വലിയ പ്രേക്ഷക പ്രതികരണം കണ്ടപ്പോൾ, ആ വിജയം ആസ്വദിക്കാൻ കൂടുതൽ സമയം നൽകാനും, അതിന് തടസ്സമുണ്ടാക്കാതെ 'കാന്ത'യുടെ റിലീസ് മാറ്റിവെക്കാനും തീരുമാനിക്കുകയായിരുന്നു.
"ഞങ്ങൾ ആദ്യം വിചാരിച്ചിരുന്നത് സെപ്റ്റംബർ പകുതിയോടെ 'കാന്ത'യുടെ റിലീസ് നടത്താനാണ്. പക്ഷേ 'ലോക' ഇത്ര വലിയ വിജയം നേടുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ, ഈ സിനിമയ്ക്ക് ബ്രീത്തിങ്ങ് സ്പേസ് നൽകണം, പുതിയ സിനിമകൾ അതിന്റെ വഴിയിൽ വരാൻ പാടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു." ദുല്ഖര് പറഞ്ഞു.
കാന്തയുടെ ആശയം ആറു വർഷങ്ങൾക്ക് മുമ്പ്, 2019-ൽ താൻ ആദ്യമായി കേട്ടതാണെന്നും, അന്നുമുതൽ താൻ ഈ പ്രൊജക്ടിനൊപ്പമുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തി. "ഞങ്ങൾ ഒരു ടീം എന്ന നിലയിൽ ഇത്രയും കാലം ഇതിനെക്കുറിച്ച് ആലോചിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. കാരണം ഇത് വളരെ ആകാംക്ഷയുള്ള ഒരു വിഷയമായിരുന്നു. ഞങ്ങൾക്ക് ഒരു സാധാരണ സിനിമയായി ഇത് ഒരിക്കലും തോന്നിയിരുന്നില്ല. ഷൂട്ട് ചെയ്ത രീതി പോലും സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നു.
സിനിമയുടെ എഡിറ്റിംഗ് സമയത്ത് പോലും ഓരോ ദിവസവും പുതിയ കാര്യങ്ങൾ ഞങ്ങൾ കണ്ടെത്തുന്നുണ്ട്. രണ്ട് ദിവസം കൂടി അധികം കിട്ടിയാൽ പോലും പുതിയ എന്തെങ്കിലും കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും. ഈ സിനിമയിൽ ഇത്രയധികം കാര്യങ്ങൾ കണ്ടെത്താനുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് ഇത് തിടുക്കത്തിൽ പൂർത്തിയാക്കാൻ ആഗ്രഹമില്ല. 'കാന്ത' ഒരു ക്ലട്ടർ ബ്രേക്ക് ആയിരിക്കും. ലോക എങ്ങനെയായിരുന്നോ, അതുപോലെ തന്നെ ഈ സിനിമയും ശ്രദ്ധിക്കപ്പെടും." ദുൽഖർ പറഞ്ഞു.
പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാനുഭവം നൽകുന്നതിന്റെ ആവേശത്തിലാണ് ദുല്ഖറും ടീമും. എഡിറ്റിംഗ് വർക്കുകൾ ഭൂരിഭാഗവും പൂർത്തിയായെന്നും, ഇപ്പോൾ സംഗീതത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സെല്വമണി സെല്വരാജാണ് കാന്തയുടെ സംവിധായകന്. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്.
രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത". ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്.
content highlights : Dulquer about Kaantha movie release