ലോറൻസ് വളർത്തി വലുതാക്കിയ കുട്ടി ഇനി ആ സ്കൂളിലെ ആദ്യത്തെ അധ്യാപിക

സ്വന്തം അധ്വാനത്തിൽ നിന്ന് പണം സ്വരുക്കൂട്ടി ലോറൻസ് വാങ്ങിയ ആദ്യത്തെ വീടാണിത്. പിന്നീട് ഈ വീട് അദ്ദേഹം ഒരു അനാഥാലയമായി മാറ്റി

തമിഴ് നടനും സംവിധായകനുമായ രാഘവ ലോറൻസ് സമൂഹത്തിന് നൽകുന്ന സംഭാവനകൾ ഇന്നും തുടരുന്നു. കാഞ്ചന 4 എന്ന സിനിമയുടെ അഡ്വാൻസ് തുക ഉപയോഗിച്ച് അദ്ദേഹം തൻ്റെ ആദ്യ വീട് സൗജന്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

സ്വന്തം അധ്വാനത്തിൽനിന്ന് പണം സ്വരുക്കൂട്ടി ലോറൻസ് വാങ്ങിയ ആദ്യത്തെ വീടാണിത്. പിന്നീട് ഈ വീട് അദ്ദേഹം ഒരു അനാഥാലയമായി മാറ്റുകയും കുടുംബത്തോടൊപ്പം വാടകവീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഇന്ന്, ആ വീട് അദ്ദേഹം തൻ്റെ 'മാട്രം' എന്ന ട്രസ്റ്റിന് കീഴിലുള്ള കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്കൂളായി സമർപ്പിച്ചു. ഈ വീട് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ എല്ലാ പ്രധാന ഓർമ്മകളും നിറഞ്ഞതാണ്, അത് സമൂഹത്തിന് സമർപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലോറൻസ് തൻ്റെ 'X' പേജിൽ കുറിച്ചു.

ഈ സംരംഭത്തെ കൂടുതൽ മനോഹരമാക്കുന്നത് സ്കൂളിലെ ആദ്യ അധ്യാപികയെക്കുറിച്ചുള്ള പ്രഖ്യാപനമാണ്. ലോറൻസ് വളർത്തി വലുതാക്കിയ കുട്ടികളിലൊരാളായ 'വേളാങ്കണ്ണി' തന്നെയായിരിക്കും ഈ സ്കൂളിലെ ആദ്യത്തെ അധ്യാപിക. ഈ പ്രഖ്യാപനം അദ്ദേഹത്തിൻ്റെ ആരാധകരെയും പൊതുജനങ്ങളെയും ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. താൻ നൽകിയ വിദ്യാഭ്യാസം ഒരു കുട്ടിക്ക് സമൂഹത്തിലേക്ക് തിരികെ നൽകാൻ അവസരം ലഭിക്കുന്നത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ ഓരോ സിനിമയ്ക്കും ലഭിക്കുന്ന അഡ്വാൻസ് തുക ഉപയോഗിച്ച് ഓരോ സാമൂഹിക സേവന പദ്ധതികൾ നടപ്പാക്കുന്ന ലോറൻസിൻ്റെ ഈ നന്മ ഹൃദയത്തിൽ തൊടുന്നതാണ്. ലോറൻസിൻ്റെ കാരുണ്യപ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. അടുത്തിടെ, ചെന്നൈയിൽ ട്രെയിനിൽ പലഹാരങ്ങൾ വിറ്റ് ഉപജീവനം നടത്തുന്ന ഒരു വൃദ്ധ ദമ്പതികൾക്ക് അദ്ദേഹം ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതുപോലെതന്നെ, പഠനച്ചെലവിനായി ഭാര്യയുടെ താലിമാല പണയം വെച്ച ഒരച്ഛനെ സഹായിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി.

കൂടാതെ, കോവിഡ് കാലഘട്ടത്തിൽ ₹3 കോടിയുടെ ധനസഹായം നൽകി ജനങ്ങൾക്ക് കൈത്താങ്ങായിട്ടുണ്ട് അദ്ദേഹം. കേരളത്തിൽ നടന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. തൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവനകൾ സ്വീകരിക്കില്ലെന്ന് ലോറൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. താൻ ഇപ്പോൾ സിനിമകളിൽ നിന്ന് ആവശ്യത്തിന് വരുമാനം നേടുന്നതിനാൽ സ്വന്തം പണം ഉപയോഗിച്ച് തന്നെ ഈ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന് വേണ്ടി ജീവിക്കാൻ തീരുമാനിച്ച ഈ കലാകാരൻ, യഥാർത്ഥ സന്തോഷം മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയാണ് ലഭിക്കുന്നതെന്ന് തൻ്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു.

content highlights : Raghava Lawrence on converting his house to school

To advertise here,contact us