'അഡോളസെൻസി'ലൂടെ 15-ാം വയസിൽ എമ്മി പുരസ്കാരം, ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ | Owen Cooper | Emmy Awards 2025

'ലിമിറ്റഡ് ഓർ ആന്തോളജി സീരീസ് ഓർ മൂവി' വിഭാഗത്തിലാണ് ഓവൻ കൂപ്പർ ഈ നേട്ടം കൈവരിച്ചത്.

അഡോളസെൻസ് എന്ന ലിമിറ്റഡ് വെബ് സീരീസിലൂടെ എമ്മി പുരസ്‌കാരം സ്വന്തമാക്കി 15 വയസുകാരൻ ഓവൻ കൂപ്പർ. മികച്ച സഹനടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവുമായി മാറിയിരിക്കുകയാണ് ഓവൻ. ലിമിറ്റഡ് ഓർ ആന്തോളജി സീരീസ് ഓർ മൂവി' വിഭാഗത്തിലാണ് ഓവൻ കൂപ്പർ ഈ നേട്ടം കൈവരിച്ചത്.

ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവരുൾപ്പെടെ അഞ്ച് നോമിനികളെ പിന്തള്ളിയാണ് കൂപ്പർ ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്നാണ് നെറ്റ്ഫ്ലിക്സിനുവേണ്ടി അഡോളസെൻസ് എന്ന ലിമിറ്റഡ് സീരീസ് ഒരുക്കിയത്. റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടെ മികച്ച പ്രതികരണം നേടിയ സീരീസ് ആയിരുന്നു അഡോളസെൻസ്. കേന്ദ്ര കഥാപാത്രമായി എത്തിയ ഓവൻ കൂപ്പറിന്റെ അഭിനയം കണ്ട് ഞെട്ടി എന്നായിരുന്നു പ്രേക്ഷകരുടെ ആദ്യ പ്രതികരണം.

'അഡോളസെൻസ്' മികച്ച പ്രതികരണം നേടുന്ന സമയത്ത് സീരീസിന് ഇന്ത്യയിൽ ലഭിച്ച അപ്രതീക്ഷിച്ച സ്വീകാര്യതയിൽ എഴുത്തുകാരനും അഭിനേതാവുമായ സ്റ്റീഫൻ ഗ്രഹാം പ്രതികരിച്ചിരുന്നു. തൻ്റെ സഹപാഠിയെ കൊലപ്പെടുത്തിയതിന് കൗമാരപ്രായക്കാരനായ ജാമി മില്ലറെ (ഓവൻ കൂപ്പർ) അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഭവങ്ങളാണ് അഡോളസെൻസിന്റെ കഥാപശ്ചാത്തലം. നാല് എപ്പിസോഡുകൾ അടങ്ങുന്ന സീരിസിലെ എല്ലാ എപ്പിസോഡും സിംഗിൾ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ സീരീസിന് ഉണ്ട്.

Content Highlights: owen Cooper wins emmy award for Adolescence series

To advertise here,contact us