മമ്മൂക്കയുമായി പുതിയ സിനിമ കമ്മിറ്റ് ചെയ്തുവെന്ന് വാർത്തയിൽ മറുപടിയുമായി ജീത്തു ജോസഫ്. അങ്ങനെയൊരു സംഭവം താൻ അറിഞ്ഞിട്ടില്ലെന്നും ഇതുവരെ ഒരു ഡിസ്കഷനും അത് സംബന്ധിച്ച് നടന്നിട്ടില്ലെന്നാണ് ജീത്തു പറഞ്ഞത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രസ്സ് മീറ്റിനിടെയാണ് ഇക്കാര്യം ജീത്തു ജോസഫ് പറഞ്ഞത്.
'ഞാൻ അങ്ങനൊരു സംഭവം അറിഞ്ഞിട്ടില്ല, ഒരു ഡിസ്കഷനും ഉണ്ടായിട്ടില്ല. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയാണിത്, അതുപോലെ ദൃശ്യം മൂന്നാം ഭാഗം ഞാൻ എഴുതുന്നതിന് മുൻപ് എന്നെ ബോളിവുഡിൽ നിന്ന് അവർ ബന്ധപ്പെട്ടു. അങ്ങനെയിരിക്കെയാണ് എനിക്ക് ഒരു ഐഡിയ കിട്ടിയത് അവരോട് പറഞ്ഞപ്പോൾ ഒന്നിച്ച് റിലീസ് ചെയ്യാമോ എന്നൊരു ആവശ്യമാണ് അവർ പങ്കുവെച്ചത്. ഇപ്പോൾ ഒരു മലയാള സിനിമ ഇറങ്ങിയാൽ പാൻ ഇന്ത്യൻ സ്വീകാര്യതയുണ്ട്. ഈ ഡിസ്കഷൻ ഇപ്പോഴും നടക്കുന്നുണ്ട്, ഞാൻ സ്ക്രിപ്റ്റ് മുഴുവൻ എഴുതിയെങ്കിലും അവർക്ക് അവിടെ കൾച്ചറൽ മാറ്റങ്ങൾ ഉണ്ടാകും. അവർ അതിന്റെ പണിപ്പുരയിലാണ്, ദൃശ്യ 3യുടെ കാര്യത്തിൽ ഇതാണ് നിജസ്ഥിതി', ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം, ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. അപര്ണ ബാലമുരളിയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബര് 19ന് സിനിമ തിയേറ്ററുകളിലെത്തും. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്സ്ഓഫിസില് വന് വിജയമായി മാറിയിരുന്നു. ഏറെ ചര്ച്ചയായി മാറിയിരുന്ന 'കൂമന്' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള് പ്രേക്ഷകര് ഏറെ പ്രതീക്ഷയിലാണ്.
Content Highlights: Jeethu Joseph says about mammootty project