നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ പ്രൊഡക്ഷൻ കമ്പനി ഇന്ന് ലോഞ്ച് ചെയ്തു. 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്. ഇപ്പോഴിതാ നിർമാണ കമ്പനി പ്രഖ്യാപിച്ചുകൊണ്ടുള്ള ബേസിലിന്റെ പോസ്റ്റിന് താഴെ വന്ന ടൊവിനോയുടെ കമന്റും അതിന് ബേസിൽ നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്.
അഭിനന്ദനങ്ങൾ, അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലെ നായകൻ?', എന്നാണ് ടൊവിനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. 'ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം' എന്നാണ് ബേസിലിന്റെ മറുപടി. ടൊവിനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. 'ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ' എന്നാണ് ടൊവിനോ പറയുന്നത്. എന്തായാലും ഇവരുടെ ഈ കമന്റുകൾ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബേസിൽ പോസ്റ്റ് ചെയ്ത ഉടൻ ടൊവിനോയുടെ കമന്റിനായി കാത്തിരിക്കുന്നു എന്ന് കുറിച്ചവർ വരെ ഉണ്ടായിരുന്നു.
'ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു - സിനിമ നിർമാണം. ഇപ്പോഴും അത് "എങ്ങനെ" എന്ന് കണ്ടെത്തുകയാണ് ഞാൻ പക്ഷെ കൂടുതൽ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകൾ പറയാന് ഞാന് ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില് ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം', എന്നാണ് നിർമാണ കമ്പനി അവതരിപ്പിച്ചുകൊണ്ട് ബേസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു കൊച്ചു അനിമേഷൻ വീഡിയോയും ബേസിൽ പങ്കുവെച്ചിട്ടുണ്ട്.
മരണമാസ്സ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബേസിലിന് പുറമേ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.
Content Highlights: Tovino's comment on basil's post goes viral