അന്ന് ബിയർ അടിച്ചിട്ട് ഇളയരാജ പുലർച്ചെ വരെ തുള്ളി, നായികമാരുടെ ഗോസിപ്പുകളെക്കുറിച്ചും ചോദിച്ചു: രജനികാന്ത്

മദ്യപിച്ചതിനെക്കുറിച്ചുള്ള കഥ പറഞ്ഞു തുടങ്ങിയത് ഇളയരാജയായിരുന്നു, എന്നാൽ അത് പൂർത്തിയാക്കും മുൻപേ വേദിയിലിരുന്ന രജനി എഴുന്നേറ്റ വന്ന് ഇക്കാര്യങ്ങൾ പറഞ്ഞു

സംഗീതസംവിധായകനും ഗായകനുമായ ഇളയരാജയുടെ സിനിമയിലെ 50 വർഷങ്ങൾ ആഘോഷിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടയിൽ ഇളയരാജയെ ട്രോളി നടൻ രജനികാന്ത്. 1980 ൽ മഹേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജോണി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയ്ക്ക് രജനിയും ഇളയരാജയും ബിയർ കുടിച്ച കഥയാണ് രജനികാന്ത് തമാശരൂപേണ അവതരിപ്പിച്ചത്.

'സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു ദിവസം ഞാനും മഹേന്ദ്രനും മദ്യപിച്ചുകൊണ്ടിരിക്കെ ഇളയരാജ മുറിയിലേക്ക് കയറിവന്നു. അന്ന് അര കുപ്പി ബിയർ കുടിച്ചിട്ട് ഇളയരാജ നടത്തിയ ആട്ടം വെളുപ്പിന് മൂന്ന് മണിവരെ നീണ്ടു. അത് മാത്രമല്ല, അതിന് ശേഷം സിനിമയിലെ ഗോസ്സിപ്പുകളെക്കുറിച്ച് പറയാൻ ഇളയരാജ ആവശ്യപ്പെട്ടു. പ്രത്യേകിച്ചും നായികമാരെക്കുറിച്ചുള്ള കഥകൾ. വളരെ റൊമാന്റിക് ആണ് ഇളയരാജ അങ്ങനെയാണ് ഈ പാട്ടൊക്കെ ഉണ്ടാക്കിയത്. ഇനിയും ഒരുപാട് കഥകളുണ്ട്. അത് ഞാൻ വേറെ ഒരു അവസരത്തിൽ പറയാം', എന്നായിരുന്നു രജനിയുടെ വാക്കുകൾ.

#WATCH | இளையராஜாவை மேடையில் கலாய்த்த ரஜினி..#SunNews | #Rajinikanth | #Ilaiyaraaja pic.twitter.com/y2RlTbuiaJ

മദ്യപിച്ചതിനെക്കുറിച്ചുള്ള കഥ പറഞ്ഞു തുടങ്ങിയത് ഇളയരാജയായിരുന്നു, എന്നാൽ അത് പൂർത്തിയാക്കും മുൻപേ വേദിയിലിരുന്ന രജനി എഴുന്നേറ്റ വന്ന് ഇക്കാര്യങ്ങൾ പറഞ്ഞു. രജനി പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഇളയരാജ മൈക്കിലൂടെ രജനിക്കുള്ള മറുപടിയും നൽകി. 'ദേ നോക്കണേ സമയവും സന്ദർഭവും ഒത്തു വരുമ്പോൾ ഇങ്ങേർ ഇല്ലാത്ത കാര്യങ്ങൾ ചുമ്മാ അടിച്ചു വിടും', എന്നാണ് ഇളയരാജയുടെ മറുപടി. രജനികാന്തിന്റെ ഭാര്യയായ ലത, നടന്മാരായ സത്യരാജ്, നാസർ എന്നിവർ രജനിയുടെ പ്രസംഗം കേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ ട്രെൻഡ് ആയത്.

Content Highlights: Rajinikanth about Ilaiyaraja's funny incident

To advertise here,contact us