മാതാപിതാക്കൾ കുട്ടികളോട് കംഫർട്ടബിളായി സംസാരിക്കുകയും ഇടപഴകുകയും ചെയ്താൽ ഭാവിയിൽ കുട്ടികൾ തെറ്റുകളിൽ അകപ്പെടുന്ന സാഹചര്യം കുറയുമെന്ന് എസ്തർ അനിൽ. തന്റെ മാതാപിതാക്കൾ ഭയങ്കര അഫക്ഷനേറ്റാണെന്നും അവരെ കണ്ടാണ് താനും സഹോദരങ്ങളും വളർന്നതെന്നും നടി പറഞ്ഞു. പിങ്ക് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ ഇക്കാര്യങ്ങൾ പറഞ്ഞത്.
'എന്റെ അപ്പയും അമ്മയും ഭയങ്കര അഫക്ഷനേറ്റാണ്. അവർ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. അവർ ഞങ്ങളുടെ മുന്നിൽ വെച്ച് കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും കെട്ടിപിടിച്ച് കിടക്കുകയും എല്ലാം ചെയ്യും. സിനിമയൊക്കെ കാണുമ്പോൾ അവർ സോഫയിൽ കെട്ടിപിടിച്ചാണ് ഇരിക്കാറ്. അവരുടെ അഫക്ഷൻ കണ്ട് വളർന്നതുകൊണ്ട് ഞങ്ങൾ സഹോദരങ്ങൾക്ക് പരസ്പരം അഫക്ഷൻ കാണിക്കാൻ മടിയൊന്നും ഉണ്ടായിരുന്നില്ല. ഞാനും ചേട്ടനും തമ്മിൽ അടി കൂടാറുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ തമ്മിൽ അൽപ്പം അഫക്ഷൻ കുറവുണ്ടായിരുന്നു', എസ്തർ പറഞ്ഞു.
'പക്ഷേ ഞാനും അനിയനും തമ്മിൽ ഈ പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോൾ അവൻ വലുതായപ്പോൾ കെട്ടിപിടിക്കാനും ഉമ്മവെക്കാനുമൊന്നും അവനെ കിട്ടാറില്ല. ചിലപ്പോൾ അവനെ കാണുമ്പോൾ ഞാൻ പിടിച്ച് ഉമ്മ വെക്കുകയൊക്കെ ചെയ്യും. ഞങ്ങളുടെ വീട്ടിലെ സെറ്റിങ് അങ്ങനെയായതുകൊണ്ട് അഫക്ഷൻ കാണിക്കാൻ മടിയില്ലാത്തവരാണ് ഞങ്ങൾ എല്ലാവരും.', എസ്തർ കൂട്ടിച്ചേർത്തു.
ബാലതാരമായി സിനിമയിൽ അരങ്ങേറിയ നടിയാണ് എസ്തർ അനിൽ. മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതയായി. പഠനവും യാത്രകളുമായി തിരക്കിലായതിനാൽ വളരെ വിരളമായി മാത്രമെ എസ്തർ സിനിമകൾ ചെയ്യാറുള്ളു. അടുത്തതായി ദൃശ്യം 3 ആണ് എസ്തറിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.
Content Highlights: Esther Anil says about her family and life