പലപ്പോഴും വമ്പൻ ബജറ്റിൽ വരുന്ന സിനിമകളേക്കാൾ കുഞ്ഞ് സിനിമകൾ പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ ഇത്തരം ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നിന്നും പലപ്പോഴും വാരുന്നത് കോടികളാണ്. ഇപ്പോഴിതാ അത്തരം ചില സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ശശികുമാറിനെ നായകനാക്കി പുറത്തിറങ്ങിയ സിനിമയാണ് ടൂറിസ്റ്റ് ഫാമിലി. അബിഷന് ജീവിന്ത് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്നാട്ടിൽ നിന്ന് 90 കോടി രൂപയാണ് സിനിമ വാരികൂട്ടിയത്. ഇത് ഒരു ശശികുമാർ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ്. വെറും എട്ട് കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. സിനിമയുടെ നോൺ തിയേറ്ററിക്കൽ കളക്ഷൻ കൂടി കൂട്ടുമ്പോൾ 100 കോടിയ്ക്കും മുകളിലാണ് ടൂറിസ്റ്റ് ഫാമിലിയുടെ നേട്ടം.
ഗുഡ് നൈറ്റ്, ലവര് തുടങ്ങിയ സൂപ്പര്ഹിറ്റ് സിനിമകള് നിര്മിച്ച മില്യണ് ഡോളര് സ്റ്റുഡിയോസും ഒപ്പം എംആര്പി എന്റര്ടൈയ്ന്മെന്റ്സും ചേര്ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്മിച്ചത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കര്, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേല്, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്.
കന്നഡ ചിത്രമായ സു ഫ്രം സോയും ഈ വർഷം ചെറിയ ബജറ്റിൽ വന്ന് വലിയ വിജയം കൊയ്ത സിനിമയാണ്. കേരളത്തിലും തരംഗം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ പി തുമിനാട് ആണ്. 5.5 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 125 കോടിയാണ്. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മഹാവതാർ നരസിംഹ എന്ന അനിമേഷൻ ചിത്രം എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 15 കോടിയിൽ ഒരുങ്ങിയ സിനിമ ആഗോള തലത്തിൽ സ്വന്തമാക്കിയത് 320 കോടിയാണ്. ജൂലൈ 25 ന് പ്രദർശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്തത് അശ്വിൻ കുമാർ ആണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ലഭിച്ചത്. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ആനിമേഷൻ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്.
മലയാളത്തിൽ നിന്നും രണ്ട് സിനിമകളാണ് ചെറിയ ബജറ്റിലെത്തി വമ്പൻ പ്രകടനം കാഴ്ചവെച്ചത്. ദുൽഖർ സൽമാൻ നിർമിച്ച ലോക 30 കോടി ബജറ്റിലെത്തി 200 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. നസ്ലെൻ, കല്യാണി പ്രിയദർശൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
മോഹൻലാൽ-തരുൺ മൂർത്തി ചിത്രമായ തുടരും മോഹൻലാലിന്റെ ഈ വർഷത്തെ രണ്ടാമത്തെ 200 കോടി ചിത്രമായിരുന്നു. 28 കോടിയിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 237.76 കോടിയാണ്. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ് മൂര്ത്തിയും ചേര്ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
Content Highlights: Small budget movies that scored big at box office