ആഗോള ബോക്സ് ഓഫീസില് റെക്കോര്ഡുകള് തീര്ത്ത് മുന്നേറുകയാണ് ലോക. ഡൊമിനിക് അരുൺ ഒരുക്കിയ സിനിമ മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസിൽ കത്തിക്കയറുകയാണ്. സിനിമയിൽ കല്യാണിയുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിലേക്ക് കല്യാണിയെ കാസറ്റ് ചെയ്തതിന് പിന്നിൽ നടി ലിസിയുടെ പഴയ ഒരു ചിത്രവും കാരണമാണെന്ന് പറയുകയാണ് സിനിമയുടെ കോ-റൈറ്ററായ ശാന്തി ബാലചന്ദ്രന്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഈ സിനിമയിൽ കേന്ദ്രകഥാപാത്രം യക്ഷിയാണ്. യക്ഷി ഒരേ സമയം സോഫ്റ്റും കരുത്തുള്ളതുമാണ്. കല്യാണിയെ കൂടാതെ ഞങ്ങളുടെ എടുത്ത് വേറേയും ഓപ്ഷനുകളുണ്ടായിരുന്നു. പക്ഷെ കല്യാണിയുടെ പേര് വന്നപ്പോള് എന്റെ മനസിലേക്ക് ആദ്യം വന്ന രൂപം ഒരു സിബിഐ ഡയറിക്കുറിപ്പില് വെള്ള സാരിയില് വരുന്ന ലിസി മാമിനെയാണ്. ആ സിനിമയിലും അവര് വളരെ ലോലയും ഇരയാക്കപ്പെടുന്നവളുമായ കഥാപാത്രമാണ്. അതിനാല് പെട്ടെന്ന് തന്നെ കല്യാണി ചന്ദ്രയാകാന് അനുയോജ്യയായിരിക്കുമെന്ന് തോന്നി. ഡൊമിനിക് ആന്റണി എന്ന കല്യാണിയുടെ സിനിമ കണ്ടിരുന്നു. അതിലെ ആക്ഷന് രംഗങ്ങള്ക്കായി അവര് എടുത്ത എഫോർട്ട് കാണാന് സാധിച്ചിരുന്നു. ദുല്ഖറിനും കല്യാണിയുടെ കാര്യത്തില് ഉറപ്പുണ്ടായിരുന്നു.
കല്യാണി 2023 ഡിസംബറിലാണ് സൈന് ചെയ്യുന്നത്. അടുത്ത വര്ഷം സെപ്തംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ആ സമയത്തിനിടെ അവര് ആക്ഷന് കൊറിയോഗ്രാഫര് യാനിക് ബെന്നുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് എങ്ങനെ തയ്യാറെടുക്കണമെന്ന നിര്ദ്ദേശം നല്കിയത്. എംഎംഎ കോച്ചിനൊപ്പമാണ് കല്യാണി പരിശീലനം നടത്തിയത്. ഡൊമിനിക്കിന്റെ പ്രോസസിന് അവര് പൂര്ണായും കീഴടങ്ങി. ചന്ദ്ര കേള്ക്കാന് സാധ്യതയുള്ള പാട്ടുകള് അദ്ദേഹം അവള്ക്കു നല്കി. സിനിമയില് കാണുന്നത് പോലെയല്ല, വളരെ എക്സ്പ്രസീവായ വ്യക്തിയാണ് കല്യാണി. അതിനാല് കല്യാണിയോട് റിയാക്ഷനുകള് കുറയ്ക്കാന് ഡൊമിനിക് പറയുമായിരുന്നു. അവള് അദ്ദേഹത്തെ വിശ്വസിച്ചു,' ശാന്തി പറഞ്ഞു.
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Shanthi Balachandran on casting Kalyani in Loka Cinema