സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കലിന് തമിഴ്നാട്ടിൽ തിയേറ്ററുകളിൽ എത്തുന്നത്. വലിയ ആരവങ്ങളോടെ എത്തുന്ന സിനിമകൾ ബോക്സ് ഓഫീസിലിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ 2026 പൊങ്കലിന് തമിഴ് സിനിമ അത്തരമൊരു ക്ലാഷിന് തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. വിജയ് ചിത്രമായ ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയുമാണ് പൊങ്കലിന് ഏറ്റുമുട്ടാനൊരുങ്ങുന്നത്. പരാശക്തിയുടെ റിലീസ് തീയതി പുറത്തുവന്നതിന് പിന്നാലെയാണ് ക്ലാഷിന്റെ ചർച്ചകൾ ചൂടുപിടിക്കുന്നത്.
ജനുവരി 14 നാണ് പരാശക്തി തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ജനനായകനും അഞ്ച് ദിവസങ്ങൾക്ക് ശേഷമാണു പരാശക്തിയുടെ റിലീസ്. ജനുവരി ഒൻപതിനാണ് ജനനായകൻ പുറത്തിറങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല് കൊമേര്ഷ്യല് എന്റര്ടെയ്നര് ആയാണ് ഒരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്ക്ക് വലിയ വരവേല്പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്സ്മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില് ചര്ച്ചയായി കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്.
തമിഴ്നാടിന്റെ ദളപതിയെ തിയേറ്ററില് കാണാന് കഴിയുന്ന അവസാന അവസരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്. ബോബി ഡിയോള്, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന് താരനിരയാണ് ജനനായകനില് അണിനിരക്കുന്നത്. കെ വി എന് പ്രൊഡക്ഷന്റെ ബാനറില് വെങ്കട്ട് നാരായണ നിര്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര് ആണ്.
#Parasakthi in theatres from January 14, 2026 😊👍pic.twitter.com/zMYU6YOA5u
അതേസമയം, സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാർത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോൾ പരാശക്തിയായി മാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: parasakthi to clash with vijay film jananayakan