ആഗോള ബോക്സ് ഓഫീസില് റെക്കോര്ഡുകള് തീര്ത്ത് മുന്നേറുകയാണ് ലോക. ഡൊമിനിക് അരുൺ ഒരുക്കിയ സിനിമ മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസിൽ കത്തിക്കയറുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടിയും കടന്ന് ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. സിനിമയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. 100 കോടിയിൽ നിരവധി സിനിമകൾ എടുത്തിട്ടും 25 കോടിയുടെ ഗ്രാഫിക്സ് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് ലോക ഞെട്ടിക്കുന്നതെന്ന് ജയറാം പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രമായ മിറൈയുടെ കേരള പ്രസ് മീറ്റിലാണ് പ്രതികരണം.
'ഇവിടെ പല സിനിമകളും 100 കോടി ബജറ്റിൽ എടുത്തിട്ട് അതിൽ 25 കോടിയുടെ ഗ്രാഫിക്സ് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് വെറും 30 കോടി ബജറ്റിൽ ഇങ്ങനെയൊരു സിനിമ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമായിട്ടാണ് എനിക്ക് ലോകഃയുടെ വിജയത്തെക്കുറിച്ച് തോന്നുന്നത്.
ഇത്രയും ചെറിയ ബജറ്റിൽ നമ്മൾ കണ്ട തരത്തിൽ ഒരു ദൃശ്യവിരുന്ന് ഒരുക്കിയതിന് ഏറ്റവുമധികം കൈയടി നൽകേണ്ടത് അതിന്റെ ടെക്നീഷ്യന്മാർക്കാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റ് ഇൻഡസ്ട്രികൾ പോലും മാതൃകയാക്കേണ്ട ഒരു സംഗതിയായാണ് എനിക്ക് ലോകഃയെക്കുറിച്ച് പറയാനുള്ളത്, ജയറാം പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Actor Jayaram praises lokah movie