അന്ന് നിവിൻ ഉണ്ടാക്കിയ ഓളം ഭയങ്കരമാണ്, ഒന്നിച്ച് അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ല: മമിത ബൈജു

നേരത്തെ 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന പുതിയ സിനിമയാണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്'. നിവിൻ പോളി ആണ് സിനിമയിൽ നായകനായി എത്തുന്നത്. ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയിൽ മമിത ബൈജു ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയിൽ നിവിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് മമിത. നിവിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് ഇതെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ സ്കൂൾ, കോളജ് കാലഘട്ടം ഓർത്തുപോകുമെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മമിത പറഞ്ഞു.

'ഗിരീഷേട്ടന്റെ "ബത്‌ലഹേം കുടുംബ യുണിറ്റി'ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിവിൻ ചേട്ടനൊപ്പം രണ്ടാമത്തെ ചിത്രമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ സ്കൂൾ, കോളജ് കാലഘട്ടം ഓർത്തുപോകും. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് മലർവാടി ആർട്സ് ക്ലബ്ബും, തട്ടത്തിൻ മറയത്തുമെല്ലാം ഇറങ്ങുന്നത്. പ്രേമം ഇറങ്ങിയപ്പോൾ പിന്നെ എവിടെ നോക്കിയാലും കറുത്ത ഷർട്ടും വെള്ള മുണ്ടും മാത്രമായിരുന്നു. പറഞ്ഞു വരുന്നത് നിവിൻ ചേട്ടനുണ്ടാക്കിയ ഓളത്തെക്കുറിച്ചാണ്. അന്നു വിദൂര സ്വപ്നത്തിൽപ്പോലും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന ചിന്ത ഇല്ലായിരുന്നു', മമിതയുടെ വാക്കുകൾ. നേരത്തെ രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. സെപ്റ്റംബറില്‍ ഓണത്തിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. സിനിമയിലെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ഒരു വീഡിയോയും ടൈറ്റില്‍ അനൗണ്‍സ്‌മെന്റിനൊപ്പം പുറത്തുവിട്ടുണ്ട്. ഛായാഗ്രഹണം അജ്മല്‍ സാബു, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഭാവന റിലീസ് ആണ് വിതരണം. പിആര്‍ഒ: ആതിര ദില്‍ജിത്ത്. ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം പ്രേമലു 2 ആകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുമെന്ന ദിലീഷ് പോത്തന്‍ അറിയിച്ചിരുന്നു.

Content Highlights: Mamitha baiju about working with nivin pauly

To advertise here,contact us