ദൃശ്യം ഇത്ര ഹിറ്റാകുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ; ജീത്തു ജോസഫ്

എന്റെ ആഗ്രഹം സിനിമ റിലീസ് ആകുമ്പോൾ ആളുകൾ വന്ന് കാണണം എന്നിട്ട് കൊള്ളാം എന്നു പറയണം, അതുപോലെ പ്രൊഡ്യൂസറിന് നഷ്ടം ഉണ്ടാകരുത്

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ദൃശ്യം ഒരു നല്ല സിനിമ ആയിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. ഇത്രയും ഹിറ്റാകുമെന്ന് അറിഞ്ഞിരുന്നേൽ താൻ തന്നെ പ്രൊഡ്യൂസ് ചെയുമായിരുന്നുവെന്നും ജീത്തു തമാശയായി പറഞ്ഞു. തന്റെ ഒരു സിനിമ റിലീസാകുമ്പോൾ ആളുകൾ കണമാണെന്നും പ്രൊഡ്യൂസറിന് നഷ്ട്ടം ഉണ്ടാകരുത് എന്ന് മാത്രമാണ് ആഗ്രഹമെന്നും ബാക്കി ലഭിക്കുന്നതെല്ലാം ബോണസായാണ് കാണുന്നതെന്നും ജീത്തു പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ദൃശ്യം ഒരു നല്ല സിനിമ ആണെന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ റിലീസിന് ശേഷം ഇത്രയും വലിയ വിജയം നേടുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അറിയുമായിരുന്നെങ്കിൽ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ. ഞാൻ എന്റെ ഒരു ചിത്രം പൂർത്തിയാക്കിയാൽ അത് കണ്ട് ഒരു വിലയിരുത്തൽ നടത്താറുണ്ട്. എന്റെ ആഗ്രഹം സിനിമ റിലീസ് ആകുമ്പോൾ ആളുകൾ വന്ന് കാണണം എന്നിട്ട് കൊള്ളാം എന്നു പറയണം, അതുപോലെ പ്രൊഡ്യൂസറിന് നഷ്ടം ഉണ്ടാകരുത്. അത്രമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ, അതിൽ കൂടുതൽ എന്തെങ്കിലും ലഭിച്ചാൽ ബോണസ് ആയാണ് കാണുന്നത്. ദൃശ്യം റീലീസ് ചെയ്യുമ്പോഴും ഇതൊരു നല്ല സിനിമ ആയിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ബോക്സ് ഓഫീസിൽ ഇത്രയും പെർഫോം ചെയ്യുമെന്ന് കരുതിയില്ല,' ജീത്തു ജോസഫ്.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

content highlights: Jeethu Joseph says he didn't expect the movie Drishyam to be such a hit

To advertise here,contact us