നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. ഇതുവരെ ടൈറ്റിൽ നൽകാത്ത ചിത്രം ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് അഭ്യൂഹം. ഏറെ നാളുകൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ക്രിസ്റ്റഫറാണ് ഉണ്ണികൃഷ്ണന്റെ അവസാനത്തെ ചിത്രം.
ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നിവിൻ പോളിയുമായി ബി ഉണ്ണികൃഷ്ണന്റെ സിനിമ ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. നിരവധി സൂപ്പർഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആദ്യമായി നിവിനെ നായകനാക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം, ഒരു വമ്പൻ ലൈൻ അപ്പ് ആണ് നിവിൻ പോളിക്ക് ലഭിച്ചിരിക്കുന്നത്. 'ഗരുഡൻ' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷം സംവിധായകൻ അരുൺ വർമ്മയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ബേബി ഗേളിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയാണ്. 'ട്രാഫിക്' പോലുള്ള മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച ഈ എഴുത്തുകാരുടെ കൂട്ടുകെട്ട് ചിത്രത്തിന്റെ നിലവാരം ഉറപ്പാക്കുന്നു. 'ബേബി ഗേളി'ന്റെ ഷൂട്ടിംഗ് പൂർത്തിയായതായും, ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
Content Highlights: B unnikrishnan- Nivin Pauly movie starts shooting at kochi