
ഡൊമിനിക് അരുൺ ഒരുക്കിയ ലോക ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ കല്യാണിയുടെയും നസ്ലെന്റെയും കഥാപാത്രങ്ങൾ പോലെ ശ്രദ്ധ നേടിയ വേഷമാണ് നോബഡി എന്ന കഥാപാത്രം. ചിത്രത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമായ കഥാപാത്രം നോബഡിയാണെന്ന് സംവിധായകൻ നാഗ് അശ്വിൻ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ ഈ റോളിനെ കാസ്റ്റ് ചെയ്ത വഴിയെക്കുറിച്ച് റിപ്പോർട്ടറിനോട് മനസുതുറക്കുകയാണ് ലോകയുടെ കാസ്റ്റിംഗ് ഡയറക്ടർ ആയ വിവേക് അനിരുദ്ധ്.
'തൃശൂർ ഉള്ള ഷിബിൻ എന്ന ആളാണ് നോബഡി എന്ന കഥാപാത്രം ചെയ്തിരിക്കുന്നത്. ഷൂട്ട് തുടങ്ങിക്കഴിഞ്ഞിട്ടും എനിക്ക് തൃപ്തിയായ ഒരു നോബഡിയെ കിട്ടിയില്ല. ഒരു സോഫയിൽ അയാളെ കൊണ്ടിരുത്തുമ്പോൾ അയാളെ എല്ലാവരും ശ്രദ്ധിക്കണം എന്നും ഒരു ഫ്രെയ്മിൽ പത്ത് പേരുണ്ടെങ്കിലും അയാളെ എല്ലാവരും നോട്ടീസ് ചെയ്യണം എന്നുണ്ടായിരുന്നു. എനിക്ക് പരിചയമുള്ള പൗർണമി എന്നൊരു ഫോട്ടോഗ്രാഫർ ഉണ്ട്, അവർ ഷിബിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്. ഫോട്ടോകളിൽ ഷിബിൻ വൻ ലുക്ക് ആണ്. ഒരു ഇന്റർനാഷണൽ ലുക്ക് ഉണ്ട് അവന്. ഇവന്റെ ഫോട്ടോ നിമിഷ് രവിയെയാണ് ആദ്യം കൊണ്ടുപോയി കാണിക്കുന്നത്. നിമിഷിന് ഇഷ്ടമായതും ഡൊമിനിക്കിനെയും ഫോട്ടോ കാണിച്ചു. രണ്ട് പേർക്കും ഇഷ്ടമായതും അവനെ വിളിപ്പിച്ചു. ട്രയലിന് വരുമ്പോൾ കോസ്റ്റ്റ്റ്യൂം ഇട്ട് അവനെ കൊണ്ടിരുത്തിയപ്പോൾ തന്നെ നോബഡി സെറ്റ് ആയി', വിവേകിന്റെ വാക്കുകൾ.
“ഞാൻ ഡൊമിനിക്കിനോട് ഒരു ചോദ്യം ചോദിക്കട്ടെ. സിനിമയിലെ അപ്പാർട്ട്മെന്റിൽ സോഫയിൽ കിടന്നുറങ്ങുന്ന ആ കഥാപാത്രമില്ലേ? അദ്ദേഹത്തിന് ഒരു സ്പിൻ-ഓഫ് ചിത്രം ഉണ്ടാകുമോ? സത്യം പറഞ്ഞാൽ, സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അതാണ്” - എന്നായിരുന്നു നാഗ് അശ്വിൻ പറഞ്ഞത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.
content highlights : vivek anirudh about nobody role in lokah