ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ വിവേക് അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ചിലത് ഐ ആം ഗെയിമിൽ ഉണ്ടെന്ന് വിവേക് പറഞ്ഞു. സിനിമയെക്കുറിച്ച് കൂടുതൽ ഒന്നും അറിയാതെ ഫ്രഷ് ആയിട്ട് കാണുമ്പോഴാണ് അടിപൊളി ആകുന്നതെന്നും വിവേക് റിപ്പോർട്ടറിനോട് പറഞ്ഞു.
'ഐ ആം ഗെയ്മിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആർക്കും അറിയില്ല. സിനിമയ്ക്ക് ഹൈപ്പ് ഉണ്ടെങ്കിലും അത് എന്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണെന്ന് ആർക്കുമറിയില്ല. ലോകയുടെ ഒരു കാര്യങ്ങളും ആർക്കും അറിയില്ലായിരുന്നു. പടം തിയേറ്ററിൽ വന്നു ഫസ്റ്റ് ഷോ കണ്ടപ്പോഴാണ് പലർക്കും സിനിമ എന്താണെന്ന് മനസിലായത്. അതുപോലെയാകും ഐ ആം ഗെയിമും. ഞെട്ടാൻ പറ്റുന്ന ചില പരിപാടികൾ ഈ സിനിമയിലുമുണ്ട്. അത് ഫ്രഷ് ആയിട്ട് കാണുമ്പോഴാണ് അടിപൊളി ആകുന്നത്. തമിഴിൽ നിന്നും കന്നഡയിൽ നിന്നും ഹിന്ദിയിൽ നിന്നുള്ള ഒരുപാട് അഭിനേതാക്കൾ സിനിമയിലുണ്ട്', വിവേകിന്റെ വാക്കുകൾ.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് 'ആർഡിഎക്സ്' എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'.
content highlights: vivek anirudh about dulquer film i am game