മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. രണ്ട് ഭാഗങ്ങളിലായി ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം ഇനിയും പൂർത്തിയായിട്ടില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. ജേസൺ ബോൺ സിനിമകളുടെ സ്റ്റൈലിലുള്ള ആക്ഷൻ ചിത്രമാണ് റാം എന്നും സിനിമയുടെ ഷൂട്ടിംഗ് 80 ശതമാനത്തോളം പൂർത്തിയായെന്നും ജീത്തു പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് റാമിനെക്കുറിച്ച് മനസുതുറന്നത്.
'റാം 80 ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയായി. ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് ഇനി 15 - 16 ദിവസം കൂടി കഴിഞ്ഞാൽ മുഴുവനായും പൂർത്തിയാകും. സിനിമയുടെ പ്രധാന ഭാഗങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. രണ്ടാം ഭാഗം ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. യുകെയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ നടിക്ക് പരിക്ക് പറ്റുകയും മഴ മൂലം ഷൂട്ട് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഒരു ഫൈറ്റ് ചിത്രീകരണത്തിനിടയിലാണ് ഞങ്ങൾ ഷൂട്ടിംഗ് നിർത്തിവെച്ചത്. അതുകൊണ്ട് ഇനി അതെല്ലാം ഒന്നിൽ നിന്ന് ആരംഭിക്കണം. ആദ്യ ഭാഗം 15 - 16 ദിവസം കൂടി ഷൂട്ട് കഴിഞ്ഞാൽ റിലീസ് ചെയ്യാൻ കഴിയാവുന്നതാണ്. പക്ഷെ ചില ഫിനാൻഷ്യൽ പ്രശ്നങ്ങൾ കാരണമാണ് റിലീസ് വൈകുന്നത്. ജേസൺ ബോൺ സിനിമകളുടെ സ്റ്റൈലിലുള്ള ആക്ഷൻ ചിത്രമാണ് റാം. സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫേഴ്സ് എല്ലാം ഹോളിവുഡിൽ നിന്നാണ്', ജീത്തുവിന്റെ വാക്കുകൾ.
Jeethu Joseph on the long pending #RAM pic.twitter.com/iSWybNdqcB
ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില് തൃഷ, ഇന്ദ്രജിത് സുകുമാരന്, സംയുക്ത, ദുര്ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ് ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന് സ്റ്റുഡിയോസിന്റെ കീഴില് രമേശ്. പി. പിള്ള, സുധന് സുന്ദരം എന്നിവര്രാണ് ചിത്രം നിർമിക്കുന്നത്. ഹോളിവുഡിൽ നിന്നടക്കമുള്ള ആക്ഷൻ കൊറിയോഗ്രഫേഴ്സാണ് റാമിനായി അണി നിരക്കുന്നത്. ചെന്നൈ,ധനുഷ്കോടി, കെയ്റോ, ഡെല്ഹി,ലണ്ടന്,കൊളംബോ എന്നിവിടങ്ങളിലായി 'റാം' ചിത്രീകരിക്കുമെന്നാണ് സിനിമയുടെ പ്രഖ്യാപന ഘട്ടത്തില് പറഞ്ഞിരുന്നത്.
content highlights: Jeethu Joseph on the long pending Ram