കൊട്ടുകാളിയ്ക്ക് ശേഷം അടുത്ത ചിത്രവുമായി ശിവകാർത്തികേയൻ, സിനിമ കമൽ ഹാസൻ അഭിനന്ദിച്ചുവെന്ന് നടൻ

എത്ര തിരക്കിൽ ആയാലും അദ്ദേഹം ഇത്തരം കാര്യങ്ങൾ കാണുമ്പോൾ അഭിനന്ദിക്കും. അദ്ദേഹം നടന്ന പാതയിലൂടെ പിന്തുടരുകയാണ് ഞങ്ങൾ

നിരവധി തമിഴ് സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ശിവകാർത്തികേയന് കരിയർ ബ്രേക്ക് നൽകിയ ചിത്രമാണ് അമരൻ. സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ അതിലും സന്തോഷം തനിക്ക് ലഭിച്ചത് കൊട്ടുകാളി എന്ന ചിത്രത്തെ കമൽ ഹാസൻ പ്രശംസിച്ചപ്പോൾ ആയിരുന്നെന്ന് പറയുകയാണ് ശിവകാർത്തികേയൻ. താൻ ഒരു സിനിമ നിർമിക്കുന്നതായും ശിവകാർത്തികേയൻ പറഞ്ഞു. നടൻ ശിവകാർത്തികേയന്റെ നിർമ്മാണ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് കൊട്ടുകാളി നിർമിച്ചത്.

'എന്തുകൊണ്ടാണ് കമൽ സാറിനെ ഉലകനായകൻ എന്ന് ആളുകൾ വിളിക്കുന്നത് എന്നതിന്റെ കാരണം ഞാൻ പറയാം. അമരൻ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു. അതിനെ കമൽ സാർ അഭിനന്ദിച്ചിരുന്നു പക്ഷെ എനിക്ക് അതിലും സന്തോഷം തോന്നിയത് കൊട്ടുകാളി എന്ന കൊച്ചു സിനിമയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതിൽ ആണ്. ആ സിനിമയിലെ മുഴുവൻ ടീമിനും അതൊരു എനർജി ആയിരുന്നു.

ഇപ്പോൾ ഒരു സിനിമ ഞാൻ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ചെറിയ ചിത്രം. അതിന്റെ റഷസ് കണ്ടിട്ട് 15 മിനിറ്റ് കമൽ സാർ എന്നോട് ഫോണിൽ സംസാരിച്ചു. എത്ര തിരക്കിൽ ആയാലും അദ്ദേഹം ഇത്തരം കാര്യങ്ങൾ കാണുമ്പോൾ അഭിനന്ദിക്കും. അദ്ദേഹം നടന്ന പാതയിലൂടെ പിന്തുടരുകയാണ് ഞങ്ങൾ. ആ സിനിമ നിങ്ങളെ കാണിക്കാനായി കാത്തിരിക്കുകയാണ് ഞാൻ,' ശിവകാർത്തികേയൻ പറഞ്ഞു.

അതേസമയം, സൂരി, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് 'കൊട്ടുകാളി'. ചിത്രത്തിലെ സൂരിയുടെയും അന്ന ബെന്നിന്റെയും പ്രകടനങ്ങൾക്ക് നിരൂപകരുടെയും പ്രേക്ഷകരുടെയും പക്കൽ നിന്ന് കൈയ്യടി ലഭിച്ചിരുന്നു. 2024 ഫെബ്രുവരി 16-നാണ് 74-ാമത് ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'കൊട്ടുകാളി' വേൾഡ് പ്രീമിയർ നടത്തിയത്. മേളയുടെ ഫോറം വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

"#KamalHaasan sir's recognition for Kottukkaali has been a big energy to our team♥️. Now I have produced one more film, Kamal sir watched the rushes and appreciated for 15 Mins💥. It's going to be a Path breaking film for Radhika mam🌟"- #SivaKarthikeyanpic.twitter.com/QWCJb13FPJ

കാർത്തിക് സുബ്ബരാജ് അടക്കം നിരവധി സംവിധായകന്മാരും അഭിനേതാക്കളുമാണ് സിനിമയെ പ്രശംസിച്ച് മുന്നോട്ട് വന്നത്. നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയ സിനിമയാണ് 'കൊട്ടുകാളി' എന്നും, പി എസ് വിനോദ് രാജ് മികച്ച സംവിധായകനാണെന്നും കാർത്തിക്ക് സുബ്ബരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

content highlights: Sivakarthikeyan says he is producing a film

To advertise here,contact us