അജിത് പടത്തിന് മുട്ടൻ പണി, ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കാനാകില്ല; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു

നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ പ്രദർശനം വിലക്കി മദ്രാസ് ഹൈക്കോടതി. സംഗീത സംവിധായകൻ ഇളയരാജ നൽകിയ ഹർജിയിലാണ് നടപടി. ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ മൂന്ന് ഇളയരാജ ഗാനങ്ങൾ ആണ് ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ നിർമാതാക്കൾ വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം. 'ഒത്ത റൂബ താരേൻ', 'ഇളമൈ ഇദോ ഇദോ', 'എൻ ജോഡി മഞ്ച കുരുവി' എന്നീ ഗാനങ്ങളായിരുന്നു ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചത്. വലിയ വരവേൽപ്പായിരുന്നു സിനിമയിൽ ഈ ഗാനങ്ങൾക്ക് ലഭിച്ചത്.

നേരത്തെ മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൂടാതെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞും ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.

ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

content highlights: Ilaiyaraaja Good Bad Ugly copyright case No film screenings, orders HC 

To advertise here,contact us