ഫഹദിനെ വലയിട്ട് പിടിച്ച സീൻ, ആ സിനിമയിലെ ഓരോ നിമിഷവും രസമായിരുന്നു; ഗ്രേസ് ആന്റണി

ആ സീൻ എടുക്കുന്നതിന് മുന്നേ ബാറ്റിനോട് തന്റെ കൂടെ നിന്നേക്കാൻ പറഞ്ഞിരുന്നു

മനു സി നാരായണൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നെറ്റ്‌സ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ്, അന്ന ബെൻ, ഗ്രേസ് ആന്റണി എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഗ്രേസ്. ചിത്രത്തിൽ ഫഹദിനെ വളയിട്ട പിടിക്കുന്ന സീൻ ഉണ്ടായിരുന്നുവെന്നും ഇത് കണ്ടപ്പോൾ താൻ എത്തിയ യൂണിവേഴ്‌സിറ്റി മികച്ചതായി തോന്നിയെന്നും ഗ്രേസ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കുമ്പളങ്ങിയിൽ പരീക്ഷിച്ച ഫൈറ്റ് ഒരു നോർമൽ രീതിയിൽ അല്ലായിരുന്നു. വല എറിഞ്ഞു ഫഹദിനെ പിടിക്കും എന്നത് നേരത്തെ അറിഞ്ഞു. പക്ഷെ വല എറിഞ്ഞു ഒരു മനുഷ്യനെ പിടിക്കുന്നതെന്ന് എങ്ങനെയാണ്. അത് മാറി നിന്ന് കാണുമ്പോഴാണ് ശരിക്കും മനസിലാകുന്നത് ഇതൊരു വേറെ യൂണിവേഴ്‌സിറ്റി ആണെന്ന്. ഇതിൽ അഡ്മിഷൻ കിട്ടിയത് തന്നെ വലിയൊരു കാര്യമാണ് എന്നത്. ആ സിനിമയിലെ ഓരോ നിമിഷവും ഭയങ്കര രസമായിരുന്നു,' ഗ്രേസ് പറഞ്ഞു.

സിനിമയിൽ ബാറ്റ് അടിച്ച് പൊട്ടിക്കുന്ന ഒരു സീനിനെ കുറിച്ചും ഗ്രേസ് പറഞ്ഞു. ആ സീൻ ചെയ്യാൻ മൂന്ന് ബാറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ടെണ്ണം റിഹേഴ്സൽ ചെയ്യാനും ഒന്ന് ടേക്ക് എടുക്കാനും ആയിരുന്നു. 'ബാറ്റ് പൊട്ടിച്ചിട്ട് കൈ വേദനിച്ചു. അവസാനം ഒരെണ്ണം മാത്രമേ ഉള്ളൂ ടേക്ക് എടുക്കണം എന്ന് പ്രൊഡക്ഷൻ പറഞ്ഞു. എന്റെ ഭാഗ്യത്തിന് ബാറ്റ് നന്നായി സഹകരിച്ചു,' ഗ്രേസ് പറഞ്ഞു. ആ സീൻ എടുക്കുന്നതിന് മുന്നേ ബാറ്റിനോട് തന്റെ കൂടെ നിന്നേക്കാൻ പറഞ്ഞിരുന്നുവെന്നും ഇന്നും ഏതൊരു സിനിമ അഭിനയിക്കുമ്പോഴും പ്രോപർട്ടിയുമായി ഇത്തരം കമ്മ്യൂണിക്കേഷൻ നടത്താറുണ്ടെന്നനും ഗ്രേസ് കൂട്ടിച്ചേർത്തു.

അന്ന ബെൻ അവതരിപ്പിച്ച ബേബി മോൾ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായ സിമ്മിയുടെ വേഷത്തിലാണ് ഗ്രേസ് ആന്റണി അഭിനയിച്ചത്. ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കുമ്പളങ്ങി നെറ്റ്‌സ് സ്വന്തമാക്കിയിരുന്നു. ഷമ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ആയിരുന്നു നേടിയത്.

Content Highlights: Grace Antony shares her experience in the movie Kumbalangi Nights

To advertise here,contact us