സൽമാൻ ഖാൻ ഗുണ്ടയാണ്, സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാനാണ് അദ്ദേഹത്തിന് താൽപര്യം; അഭിനവ് കശ്യപ്

ബോളിവുഡിലെ താരാധിപത്യത്തിന്റെ പിതാവാണ് അദ്ദേഹം. പ്രതികാര മനോഭാവമുള്ളവരാണവര്‍

ദബാംഗ് എന്ന ചിത്രത്തിലൂടെ സൽമാൻ ഖാന് ബ്ലോക്ക് ബസ്റ്റർ വിജയം സമ്മാനിച്ച സംവിധായകനാണ് അഭിനവ് കശ്യപ്. ഇപ്പോഴിതാ സൽമാൻ ഖാനെ ഗുണ്ടാ എന്ന് വിളിച്ചിരിക്കുകയാണ് അഭിനവ്. പ്രതികാര മനോഭാവം ഉള്ള നടനാണ് സൽമാൻ എന്നും അധികാരം ആസ്വദിക്കുകയാണ് അദ്ദേഹമെന്നും അഭിനവ് പറഞ്ഞു. സ്‌ക്രീനിന് നൽകിയ അഭിമുഖത്തിലാണ് അഭിനവിന്റെ പ്രതികരണം.

'സല്‍മാന്‍ ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍പോലും താത്പര്യം കാണിക്കില്ല. കഴിഞ്ഞ 25 വര്‍ഷമായി അങ്ങനെയാണ്. ഒരു ഉപകാരം ചെയ്യുന്നത് പോലെയാണ് സിനിമാ സെറ്റില്‍ വരുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താൽപര്യം. അദ്ദേഹം ഒരു ഗുണ്ടയാണ്.

ബോളിവുഡിലെ താരാധിപത്യത്തിന്റെ പിതാവാണ് അദ്ദേഹം. 50 വര്‍ഷമായി സിനിമാ രംഗത്തുള്ള ഒരു കുടുംബത്തില്‍ നിന്നാണ് സല്‍മാന്‍ വരുന്നത്. ആ പാരമ്പര്യം അദ്ദേഹം തുടരുന്നു. പ്രതികാര മനോഭാവമുള്ളവരാണവര്‍. എല്ലാ കാര്യങ്ങളും അവര്‍ നിയന്ത്രിക്കുന്നു. നിങ്ങള്‍ അവരോട് വിയോജിപ്പ് കാണിച്ചാല്‍ അവര്‍ നിങ്ങളെ വെറുതെ വിടില്ല,' അഭിനവ് കശ്യപ് പറഞ്ഞു.

അഭിനവിന്റെ സഹോദരനും സംവിധയകനുമായ അനുരാഗ് കശ്യപ് നേരിട്ട തിരിച്ചടികളെ കുറിച്ചും അഭിനവ് പറഞ്ഞു. 2003-ല്‍ പുറത്തിറങ്ങിയ സല്‍മാന്റെ 'തേരേ നാം' എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് അനുരാഗ് കശ്യപ് ആണെന്നും നിര്‍മാതാവ് ബോണി കപൂറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അനുരാഗ് പിന്മാറുകയായിരുന്നുവെന്നും അഭിനവ് പറയുന്നു. ബോണി കപൂര്‍ അനുരാഗിനോട് മോശമായി പെരുമാറുകയും കഥയ്ക്ക് ക്രെഡിറ്റ് നിഷേധിക്കുകയും ചെയ്തുവെന്നും അഭിനവ് കൂട്ടിച്ചേർത്തു.

Content Highlights: Abhinav Kashyap criticizes Salman Khan

To advertise here,contact us