
'മാർക്കോ' സിനിമയുടേയും ഇറങ്ങാനിരിക്കുന്ന 'കാട്ടാളൻ' സിനിമയുടേയും പ്രൊഡ്യൂസറായ ഷരീഫ് മുഹമ്മദിനെ തേടി സൈമ അവാർഡ്സ് 2025 മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം. ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് 'മാർക്കോ' എന്ന സിനിമ നിർമ്മിച്ചതിലൂടെ മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം ഷരീഫ് മുഹമ്മദിനെ തേടിയെത്തിയത്.
ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന്റേതായി നിലവിൽ ഇന്ത്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലായി 9 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ 'മാർക്കോ' വൻ വിജയമായതിന് പിന്നാലെ 'കാട്ടാളൻ' എന്ന ആന്റണി വർഗ്ഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
ക്യൂബ്സ് ഇന്റർനാഷണലിന് കീഴിൽ ലോജിസ്റ്റിക്സ്, മീഡിയ പ്രൊഡക്ഷൻ, ഷിപ്പിംഗ്, സിവിൽ, ജനറൽ ട്രേഡിംഗ്, ഇന്റീരിയർ ഡിസൈനിംഗ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ സജീവമാണ് തൃശ്ശൂരിലെ തളിക്കുളം സ്വദേശിയായ ഷരീഫ് മുഹമ്മദ്. അതേസമയം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആദ്യമായി നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിൽ എത്തുകയും 100 കോടി ക്ലബ്ബിലും കയറുകയുമുണ്ടായി. നിർമ്മിച്ച ആദ്യ സിനിമ തന്നെ വിതരണം ചെയ്തുകൊണ്ട് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് വ്യത്യസ്തത പുലർത്തുകയുമുണ്ടായി. അടുത്തതായി 'കാട്ടാളൻ' എന്ന ചിത്രത്തിലൂടെ ഞെട്ടിക്കാൻ ഒരുങ്ങുകയുമാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ പെപ്പെ തന്റെ യഥാർത്ഥ പേരായ "ആന്റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. മറ്റു ഭാഷ ചിത്രങ്ങൾ പോലെ മലയാളം സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് 'മാർക്കോ' പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്.
സൈമ അവാർഡ്സിൽ മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. തെലുങ്കിൽ നിന്ന് അല്ലു അർജ്ജുനും തമിഴിൽ നിന്ന് ശിവകാർത്തികേയനും കന്നഡയിൽ നിന്ന് സുധീപും മികച്ച നടന്മാർക്കുള്ള പുരസ്കാരം നേടി. മലയാളത്തിൽ നിന്ന് മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിക്കും തമിഴിൽ നിന്ന് മികച്ച നടിക്കുള്ള പുരസ്കാരം സായ് പല്ലവിയും കന്നഡയിൽ നിന്ന് മികച്ച നടിക്കുള്ള പുരസ്കാരം അഷിഖ രംഗനാഥിനും ലഭിച്ചു. ഇവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും അവാർഡ് വേദിയിൽ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി. പി ആർ ഒ - ആതിര ദിൽജിത്ത്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Producer Shareef Muhammed grabbed Siima Awards 2025