'ഒരു പോരാട്ടത്തിൽ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം…'; മമ്മൂട്ടിക്ക് ആശംസകളുമായി ജോൺ ബ്രിട്ടാസ്

മുൻപോട്ടുള്ള പ്രയാണത്തിന് ഈ ജന്മദിനം ഒരു ചവിട്ടുപടി ആകട്ടേയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ജോൺ ബ്രിട്ടാസ്. ഇതൊരു Birthday അല്ല Rebirthday ആണെന്നും ഒരു പോരാട്ടത്തിൽ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനമാണെന്നും അദ്ദേഹം പറഞ്ഞു. മുൻപോട്ടുള്ള പ്രയാണത്തിന് ഈ ജന്മദിനം ഒരു ചവിട്ടുപടി ആകട്ടേയെന്നും ജോൺ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജോൺ ബ്രിട്ടാസ് ആശംസ പങ്കുവെച്ചത്.

'പ്രിയപ്പെട്ട മമ്മുക്ക, ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ഈ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്…ഇന്നലെ നമ്മൾ ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞപോലെ, ഇതൊരു Birthday അല്ല Rebirthday ആണ്. ഒരു പോരാട്ടത്തിൽ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം. മുൻപോട്ടുള്ള പ്രയാണത്തിന് ഈ ജന്മദിനം ഒരു ചവിട്ടുപടി ആകട്ടെ എന്ന് ഞാൻ ഹൃദയത്തിൽ നിന്ന് ആശംസിക്കുന്നു…', ജോൺ ബ്രിട്ടാസ് കുറിച്ചു.

നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ ആശംസകളുമായി എത്തുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights: Birthday wishes from John Brittas to Mammootty

To advertise here,contact us