'എന്താ മോനേ' എന്നത് സൗഹൃദത്തിൻ്റെ ഭാഷയാണ്; മോഹന്‍ലാല്‍

ദേഷ്യം വരുമ്പോഴും 'എന്താ മോനേ' എന്ന് വിളിക്കാറുണ്ടെന്നും മോഹന്‍ലാല്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ സിനിമയിലെ മാസ് ഡയലോഗുകളെല്ലാം മലയാളികള്‍ക്ക് കാണാപ്പാഠമാണ്. പല സാഹചര്യങ്ങളിലും ആ ഡയലോഗുകളെല്ലാം നമ്മള്‍ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ മോഹൻലാൽ സിനിമയിലല്ലാതെ പൊതുവായി പറയുന്ന ഒരു പ്രയോഗം ഏറെ ശ്രദ്ധേയമാണ്. 'എന്താ മോനേ' എന്ന മോഹൻലാലിൻ്റെ ഈ ട്രേഡ് മാർക്ക് പ്രയോഗം അദ്ദേഹവുമായി സംസാരിച്ചവരോ അദ്ദേഹത്തിൻ്റെ സംസാരം കേട്ടവരോ മറക്കാൻ ഇടയില്ല.

എന്നാല്‍ ഇപ്പോഴിതാ താന്‍ ആ ഡയലോഗ് പറയാന്‍ തുടങ്ങിയ സാഹചര്യത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.' എന്നു മുതലാണ് വിളിച്ചു തുടങ്ങിയതെന്ന് അറിയില്ല. ചില ആളുകളുടെ പേര് കിട്ടില്ല, അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മോനേ എന്നു വിളിച്ച് തുടങ്ങിയതായിരിക്കും. പക്ഷെ ചിലപ്പോളൊക്കെ പ്രായമായ ആളുകളെയും ഞാന്‍ അങ്ങനെ വിളിക്കാറുണ്ട്. മോനേ എന്ന് വിളിക്കുന്നത് സൗഹൃദത്തിന്റെ ഒരു ഭാഷയാണ്. ദേഷ്യം വരുമ്പോഴും ചിലപ്പോള്‍ എന്താ മോനേ എന്ന് വിളിക്കാറുണ്ട്' റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതിക്ക് നല്‍കിയ 'ഹൃദയത്തില്‍ തുടരും' എന്ന അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം..

മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ഇവരുടെ സൗഹൃദത്തിന്റെ പല നല്ല മുഹൂര്‍ത്തങ്ങളും മലയാളികള്‍ക്ക് കാണാന്‍ സാധിച്ചിരുന്നു. അത്തരമൊരു മുഹൂര്‍ത്തമായിരുന്നു മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം.

ആ ചിത്രം പങ്കുവെച്ചതിന് പിന്നിലെ സന്തോഷം റിപ്പോര്‍ട്ടറിനോട് പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. ഒരു സിനിമ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഇങ്ങനൊരു കാര്യ വരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

'ഇപ്പോള്‍ നല്ല സന്തോഷത്തിലാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ഒരുപാട് പേരുടെ കൂട്ടത്തിലെ ഒരാളാണ് ഞാനും. പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം', മോഹന്‍ലാല്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ഒരുപാട് ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞെന്നും മോഹന്‍ലാല്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ് മമ്മൂട്ടിയുമായുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് അനുഗ്രഹം ലഭിച്ച ഭാഗ്യമുള്ളയാളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Content Highlights: Mohanlal about Enda Mone dialogue

To advertise here,contact us