കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ് ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കല്യാണിക്ക് പുറമേ നസ്ലെനും ചന്തുവുമെല്ലാം സിനിമയിൽ കയ്യടികൾ നേടുന്നുണ്ട്. ഇപ്പോഴിതാ സിനിമയിൽ ചന്തു ചെയ്തിരുന്ന കഥാപാത്രത്തിലേക്കാണ് നസ്ലെനെ ആദ്യം കാസറ്റ് ചെയ്തിരുന്നതെന്ന് പറയുകയാണ് ഡൊമിനിക് അരുൺ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഈ പടത്തിന്റെ കഥ നസ്ലെനോട് പറഞ്ഞപ്പോൾ വേണു എന്ന ക്യാരക്ടറിലേക്കായിരുന്നു അവനെ പരിഗണിച്ചത്. ഇപ്പോൾ ചന്തു ചെയ്ത വേഷം ചെയ്യാൻ ആദ്യം നസ്ലെനയായിരുന്നു ഉദ്ദേശിച്ചത്. സണ്ണി എന്ന ക്യാരക്ടർ ചെയ്യാൻ വേറൊരു നടനെയും പരിഗണിച്ചിരുന്നു. പിന്നീട് സണ്ണിയുടെ ക്യാരക്ടറിലേക്ക് നസ്ലെന് എത്തി.
കഥ പറഞ്ഞപ്പോൾ തന്നെ ഞാൻ നസ്ലെനോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഒന്നുകിൽ ഈ റോൾ, അല്ലെങ്കിൽ സണ്ണി എന്ന ക്യാരക്ടർ നീ ചെയ്യേണ്ടി വരുമെന്ന്. ആ സമയത്ത് പ്രേമലു റിലീസായിട്ടുണ്ടായിരുന്നില്ല. പിന്നീട് കഥ ഡെവലപ്പായപ്പോഴേക്ക് സണ്ണിയുടെ ക്യാരക്ടർ നസ്ലെന് ചെയ്യാമെന്ന തീരുമാനത്തിലേക്കെത്തി.
വേണു എന്ന ക്യാരക്ടർ ആര് ചെയ്യുമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് കാസ്റ്റിങ് ഡയറക്ടർ ചന്തുവിന്റെ പേര് പറഞ്ഞത്. അങ്ങനെയാണ് ചന്തു ഈ പടത്തിന്റെ ഭാഗമായത്. അരുൺ കുര്യനും ഇപ്പോൾ കാണുന്ന റോളല്ലായിരുന്നു. ഇവരുടെ വീട്ടിൽ എപ്പോഴും ഇരിക്കുന്ന 'നോബഡി' എന്ന ക്യാരക്ടറിലേക്കായിരുന്നു അരുണിനെ ഉദ്ദേശിച്ചത്. പിന്നീടാണ് എല്ലാം മാറിയത്," ഡൊമിനിക് അരുൺ പറഞ്ഞു.
അതേസമയം, ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി ലോക മുന്നേറുകയാണ്. ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. റിലീസ് വീക്കെന്ഡ് കളക്ഷനില് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ് ഇത്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.
സിനിമയുടെ ടെക്നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Dominic Arun talks about Nazlen's character in lokah cinema