ഇത്തവണ ഓണത്തിന് ഒരുപിടി മികച്ച ചിത്രങ്ങളാണ് തിയേറ്ററില് എത്തിയിരിക്കുന്നത്. വിവിധ ഴോണറുകളിലുള്ള ഈ ചിത്രങ്ങള്ക്കെല്ലാം മികച്ച പ്രേക്ഷകാഭിപ്രായവും നേടാനായിട്ടുണ്ട്. മോഹന്ലാല് - സത്യന് അന്തിക്കാട് ടീമിന്റെ ഹൃദയപൂര്വ്വവും കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ് ചിത്രം ലോകയും ആണ് ഓഗസ്റ്റ് 28ന് ഓണം റിലീസുകളായി ആദ്യം എത്തിയത്.
ഇരു ചിത്രങ്ങള്ക്കും ആദ്യ ഷോ കഴിഞ്ഞത് മുതല് മികച്ച അഭിപ്രായമാണ് നേടിയത്. ആദ്യ ദിന കളക്ഷനില് മൂന്ന് കോടിയിലേറെ കളക്ഷനുമായി ഹൃദയപൂര്വ്വം മുന്നിട്ട് നിന്നപ്പോള് രണ്ടര കോടിയ്ക്ക് മുകളില് നേടാന് ലോകയ്ക്കും കഴിഞ്ഞു.
എന്നാലിപ്പോള് ഹൃദയപൂര്വ്വത്തെ ബഹുദൂരം പിന്നിലാക്കിയാണ് ലോകയുടെ ബുക്കിംഗ് വളരുന്നത്. ബുക്ക് മൈ ഷോയില് ഒരു മണിക്കൂറില് 6 K ടിക്കറ്റുകളാണ് ഹൃദയപൂര്വ്വത്തിനായി ബുക്ക് ആയതെങ്കില് ലോകയുടെ കാര്യത്തില് ഇത് 12 K
യക്ക് മുകളിലാണ്. അതായത് ഇരട്ടിയിലേറെയാണ് ടിക്കറ്റ് ബുക്കിംഗിലെ വ്യത്യാസം. രണ്ടാം ദിവസത്തെ കളക്ഷന് കണക്കുകള് വരുമ്പോള് ലോക ഹൃദയപൂര്വ്വത്തെ മറികടക്കുമോ എന്നാണ് ഇപ്പോള് ഏവരും ഉറ്റുനോക്കുന്നത്.
വേഫെറര് ഫിലിംസിന്റെ ബാനറില് ദുല്ഖര് സല്മാന് നിര്മിച്ച ലോക മലയാളത്തിലെ ആദ്യ സൂപ്പര് ഹീറോ യൂണിവേഴ്സായാണ് എത്തിയിരിക്കുന്നത്. ചന്ദ്ര എന്ന ആദ്യ ചാപ്റ്ററാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയില് ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകര് പറയുന്നത്.
സിനിമയുടെ ടെക്നിക്കല് വശങ്ങള്ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്ട്ട് വര്ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്ലെന്, ചന്തു സലിം കുമാര്, അരുണ് കുര്യന്, സാന്ഡി മാസ്റ്റര് തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്.
ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്മിക്കാന് തയ്യാറായ ദുല്ഖര് സല്മാനും കയ്യടികള് ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല് സ്ക്രീന് പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Lokah surpasses Hridayapoorvam in ticket booking in high margin