രവി മോഹൻ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമായ 'ബ്രോക്കോഡി'ന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. ഭാര്യമാരെ പേടിയുള്ള ഭർത്താക്കന്മാരായി രവി മോഹനും എസ് ജെ സൂര്യയും ഒപ്പം അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബ്രോക്കോഡ്. കാർത്തിക് യോഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രോമോ വീഡിയോ ഇറങ്ങിയ ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അർജുൻ അശോകൻ തമിഴിൽ അഭിനയിക്കുന്ന ആദ്യ സിനിമയാണ് ബ്രോക്കോഡ്. അതിനാൽ മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ഇന്നലെ നടന്ന പരിപാടിയിലാണ് നടൻ പുതിയ ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയത്. തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക നടന്മാരും നടിമാരും രവി മോഹന്റെ പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിൽ പങ്കെടുത്തിരുന്നു. വിവാഹമോചനവും പേര് മാറ്റലും പിന്നീട് സംവിധാന രംഗത്തേക്കുള്ള പ്രവേശനത്തിന്റെ റിപ്പോര്ട്ടുകളുമായി അടുത്തിടെ നടൻ സജീവമായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നിർമാണ രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് രവി.
അതേസമയം, യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യാന് ആഗ്രഹമുണ്ടെന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഈ സിനിമയുടെ മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല.
Content Highlights: Ravi Mohan productions new movie Brocode promo video out