എനിക്കാണ് ഏറ്റവും കുറവ് ഫാൻസ്‌, സൗന്ദര്യത്തിന്റെ പേരിൽ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ല; ഇഷാനി കൃഷ്‌ണ

"എനിക്ക് ഒരുപാട് ഫാൻസ്‌ ഉണ്ടെന്ന് തോന്നിയിട്ടില്ല. പൊതുവേ നാലുപേരിൽ ഞാൻ ആണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തത്"

ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഇഷാനി കൃഷ്ണ ആണ് കാളിദാസ് ജയറാമിന്റെ നായികയായി എത്തുന്നത്. പൂജാ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സഹോദരിമാരെ കുറിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ പെര്‍ഫോമന്‍സിനെ കുറിച്ചും ഇഷാനി സംസാരിച്ചു. സഹോദരങ്ങളിൽ തനിക്കാണ് ഏറ്റവും കുറവ് ഫാൻസ് എന്ന് ഇഷാനി പറഞ്ഞു. സൗന്ദര്യത്തിന്‍റെ പേരില്‍ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിക്കാറില്ലെന്നും ഇഷാനി കൂട്ടിച്ചേർത്തു. പൂജാ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

'ഹൻസിക പഠിക്കുകയാണ്, അതുകൊണ്ട് ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനോട് താല്പര്യം കാണിച്ചിട്ടില്ല. കോളേജ് കഴിഞ്ഞ് അവൾ അഭിനയത്തിലേക്ക് വരുമായിരിക്കും. സൗന്ദര്യത്തിന്റെ പേരിൽ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ല. അങ്ങനെ സൗന്ദര്യത്തിന്റെ പേരിൽ അടി ഉണ്ടാകുമെന്ന് പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. പിന്നെ ആളുകൾ അങ്ങനെ പലതും പറയും, നല്ലതാണെങ്കിൽ വായിക്കും, അല്ലെങ്കിലും വായിക്കും. സോഷ്യൽ മീഡിയയിൽ സഹോദരങ്ങൾക്ക് ഉള്ളത് പോലെ ഫാൻസ്‌ എനിക്ക് ഉണ്ടെന്ന് കരുതുന്നില്ല. ഏറ്റവും കുറവ് ഫാൻസ്‌ എനിക്കാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പൊതുവേ നാലുപേരിൽ ഞാൻ ആണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തത്. എനിക്ക് ഫാൻസ്‌ ഉണ്ടെങ്കിൽ സന്തോഷം,' ഇഷാനി കൃഷ്‌ണ പറഞ്ഞു.

മമ്മൂട്ടി നായകനായ വൺ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള എടുത്താണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. നല്ല ഓഫറുകൾ ലഭിക്കാതിരുന്നതിനാലാണ് ഇത്രയും നാൾ സിനിമ ചെയ്യാതിരുന്നതെന്ന് ഇഷാനി പറഞ്ഞു. 'കുറച്ച് ഓഫറുകൾ എനിക്ക് ആ സിനിമയ്ക്ക് ശേഷം വന്നിരുന്നു. പക്ഷെ അന്ന് ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. പഠിത്തം കഴിയാൻ വേണ്ടി കാത്തിരുന്നു. ഞാൻ വിചാരിച്ച നല്ല ഓഫറുകൾ വന്നില്ല അതുകൊണ്ടാണ് എടുക്കാതിരുന്നത്. ഇപ്പോൾ നല്ലൊരു ഓഫർ വന്നപ്പോൾ ഞാൻ എടുത്തു. വെറുതെ എന്തെങ്കിലും ചെയ്യേണ്ട എന്ന തീരുമാനം ഉണ്ടായിരുന്നു, നല്ലതായത് കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തത്,' ഇഷാനി കൃഷ്ണ പറഞ്ഞു.

അതേസമയം, 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ആശ ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Ishani Krishna says she has the least fans on social media

To advertise here,contact us