അത്ത ചമയത്തിൽ പങ്കെടുത്ത് 'അബ്രാം ഖുറേഷിയും, സയീദ് മസൂദും'

ഘോഷയാത്രയിൽ ശ്രദ്ധ നേടുകയാണ് എമ്പുരാനിലെ കഥാപാത്രങ്ങൾ.

സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയിൽ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചിരിക്കുകയാണ്. നിരവധി ഫ്ളോട്ടുകളാണ് ഘോഷയാത്രയിൽ അണിചേർന്നിരിക്കുന്നത്. 'അബ്രാം ഖുറേഷിയും, സയീദ് മസൂദും, പ്രിയദർശിനി രാംദാസും' ഓണത്തെ വരവേൽക്കാൻ ഒപ്പം ഉണ്ട്. ഘോഷയാത്രയിൽ ശ്രദ്ധ നേടുകയാണ് എമ്പുരാനിലെ ഈ കഥാപാത്രങ്ങൾ.

മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവർ അവതരിച്ച കഥാപാത്രങ്ങളെയാണ് റീക്രിയേറ്റ് ചെയ്ത് ഘോഷയാത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. മലയാളത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തിയ സിനിമ നിരവധി റെക്കോർഡുകളാണ് തകർത്തത്.

എമ്പുരാൻ 325 കോടിയാണ് ആഗോള തലത്തില്‍ കൈവരിച്ചത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. സിനിമയുടെ മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം, അത്തച്ചമയത്തില്‍ മുഖ്യ അതിഥിയായി എത്തിയത് നടൻ ജയറാം ആണ്. ഭാരതീയനെ സംബന്ധിച്ചിത്തോളം ഓണം അത്രയും വിശേഷപ്പെട്ട ഒന്നായി മാറി കഴിഞ്ഞുവെന്നും കേരളം മാത്രമല്ലാതെ ലോകം മുഴുവൻ ഓണം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജയറാം റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. ചടങ്ങിൽ രമേഷ് പിഷാരടിയും പങ്കെടുത്തിരുന്നു.

Content Highlights: Characters from Empuraan movie gain attention in athachayam

To advertise here,contact us