ജാതീയത ഇപ്പോൾ ഇല്ല എന്ന് പറയുന്നത് മണ്ടത്തരമാണെന്ന് ഗായകൻ സൂരജ് സന്തോഷ്. നിങ്ങളുടെ പ്രിവിലേജ് അനുസരിച്ച് ഇല്ല എന്ന് പറയുന്ന പല കാര്യങ്ങളും ഇവിടെ ഉണ്ടെന്നും റിസർവേഷൻ വേണ്ടെന്ന് പറയുന്നവർ അതിനെക്കുറിച്ച് അറിവില്ലാത്തവരാണെന്നും സൂരജ് സന്തോഷ് പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലയിലും ജാതി നിലനിൽക്കുന്നുണ്ടെന്നും സൂരജ് സന്തോഷ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ജാതീയത ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു റിയാലിറ്റിയാണ്. ജാതി വിവേചനം എന്നത് നമ്മുടെ നാട്ടിലുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ആ യാഥാർഥ്യം സിനിമയിലും പാട്ടിലും മാധ്യമങ്ങളിലും ഐ.ടി മേഖലയടക്കമുള്ള സമൂഹത്തിന്റെ നാനാഭാഗത്തുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാസ്റ്റിസമാണ്. അതിനെ ശരിയായി മനസിലാക്കാതെ, പരിഹരിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. അത് സിനിമയിലും ഉണ്ട്.
ജാതീയത എന്നൊന്നും ഇല്ല, അത് മാറി, എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ജാതിയെ കുറിച്ച് സംസാരിക്കരുത്, ജാതി ഭീകരവാദം എന്നൊക്കെ പറയുന്നവർ അംബേദ്കർ വായിക്കാമെന്നേ ഞാൻ പറയൂ. നിങ്ങളുടെ പ്രിവിലേജ് അനുസരിച്ച് ഇല്ല എന്ന് പറയുന്ന പല കാര്യങ്ങളും ഇവിടെ ഉണ്ട്. ജാതിയുടെ പേരിൽ ഒരുപാട് മനുഷ്യന്മാർ അനുഭവിക്കുന്നുണ്ട്.
പ്രിവിലേജ് ആയവർക്ക് ഇതൊന്നും അറിഞ്ഞില്ലെങ്കിലും അവരുടെ ജീവിതം മുന്നോട്ട് പോകും. അങ്ങനെ അല്ലാത്ത കുറെ മനുഷ്യരുണ്ട്. അവരുടെ ജീവിതം നിങ്ങൾ പറയുന്നതുപോലെയൊന്നുമല്ല. അവരോട് ചേർന്ന് നിൽക്കാനും അവർ എന്തിലൂടെയാണ് പോകുന്നതെന്നും മനസിലാക്കാനും ശ്രമിക്കുക. ഈ കാലഘട്ടത്തിലും റിസേർവേഷനെതിരെ സംസാരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്,' സൂരജ് സന്തോഷ് പറയുന്നു.
Content Highlights: Singer Sooraj Santosh says casteism still exists