നെഞ്ചിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളുമായി അർജുൻ അശോകൻ ചിത്രം 'തലവര' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം വിറ്റിലിഗോ മോഡൽ ബെൻസി ജോയ് പറഞ്ഞ വാക്കുകള് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
''ഞാൻ വിറ്റിലിഗോ രോവാസ്ഥയുള്ളയാളാണ്. എനിക്ക് പറയാൻ വാക്കുകളില്ല. ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും വന്നിട്ടില്ല. എന്നെ പോലെയുള്ളൊരു വ്യക്തി എങ്ങനെയാണോ കടന്നുവന്നത്, ഞങ്ങളുടെ ജീവിതമാണ് ഈ സിനിമയിലുള്ളത്. ശരിക്കും കരഞ്ഞുപോയി. ഇങ്ങനെയൊരു സിനിമ വന്നതിൽ ഏറെ സന്തോഷമുണ്ട്. മേക്കപ്പൊക്കെ ശരിക്കും മികച്ചതായിരുന്നു, സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരോടും നന്ദിയുണ്ട്'', ബെൻസി ജോയ് സിനിമ മാധ്യമങ്ങളോട് പറഞ്ഞു.
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ അവതരിപ്പിച്ചിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റേയും മൂവിംഗ് നരേറ്റീവ്സിന്റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള് നേടിയ സിനിമകള് നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയർന്നിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.
അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള് ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. തീർച്ചയായും കുടുംബങ്ങളുടേയും യൂത്തിന്റേയും പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്നൊരു ഫീൽഗുഡ് ചിത്രമാണ് തലവര എന്ന് നിസ്സംശയം പറയാം.
Content Highlights: Vitiligo model Benzy Joy praises 'Thalavara' after watching the movie