'ഫസ്റ്റ് ഷോ കഴിയട്ടെ എന്നിട്ട് വിശ്വസിക്കാം, ഇത്തവണയെങ്കിലും വരുമോ?'; പുതിയ റിലീസ് ഡേറ്റുമായി ധ്രുവനച്ചത്തിരം

നേരത്തെ ചിത്രം മേയ് ഒന്നിന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രം ദീപാവലി റിലീസായി ഒക്ടോബറിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. അതേസമയം, നിർമാതാക്കളുടെ ഭാഗത്തുനിന്നും പുതിയ റിലീസ് തീയതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. നേരത്തെ ചിത്രം മേയ് ഒന്നിന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. ഒരു അഭിമുഖത്തിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഗൗതം മേനോൻ പറഞ്ഞിരുന്നു. ‘ധ്രുവനച്ചത്തിരം മാത്രമാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ഒരേയൊരു സിനിമ. സംവിധായകന്‍ എന്ന നിലയിലോ, നടന്‍ എന്ന നിലയിലോ പുതിയ സിനിമകളൊന്നും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. ഈ ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ പൂർണ്ണമായി അധ്വാനിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു വരുന്നു.

എന്റെ കൂടെയുള്ള ഇന്‍വെസ്റ്റര്‍മാരോടും പാര്‍ട്ണര്‍മാരോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവരുടെ പിന്തുണയും ഒപ്പമുണ്ട്. അധികം വൈകാതെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റ് റിലീസായി ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നത്,' എന്ന് ഗൗതം മേനോൻ പറഞ്ഞു. യൂട്യൂബ് റിവ്യൂവര്‍ പ്രശാന്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

#DhruvaNatchathiram For this Diwali 🤯💥🔥Fdfs la Ukkandhu 1st scene varavaraikkum Namba maten

2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

Content Highlights: Dhruva Natchathiram new release date out now

To advertise here,contact us