ചെന്നൈ പാസമൊക്കെ ഔട്ട്, ഇനി നല്ല ക്വിന്റൽ ഇടി മാത്രം!; ഗംഭീര ആക്ഷനും വിഷ്വലുമായി വിനീതിന്റെ 'കരം' ട്രെയ്‌ലർ

ചിത്രം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കരം. നോബിൾ ബാബു തോമസ് ആണ് സിനിമയിൽ നായകനാകുന്നത്. സിനിമയുടെ ട്രെയ്ലർ പുറത്തുവന്നു. വിനീതിന്റെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വിദേശ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര വിഷ്വലുകളും ഇതുവരെ കാണാത്ത ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ.

ഷാൻ റഹ്‌മാന്റെ പശ്ചാത്തലസംഗീതവും ജോമോൻ ടി ജോണിന്റെ വിഷ്വലുകളും നോബിളിന്റെ ആക്ഷൻ സീനുകളുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ചിത്രം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന സിനിമയാണിത്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്.

സിനിമയുടെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ ആണ്‌. ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. ലസെയർ വർദുകഡ്സെ, നോബിൾ ബാബു തോമസ്, ഐരാക്ലി സബനാഡ്സേ എന്നിവർ ചേർന്നാണ് സംഘട്ടനരം​ഗങ്ങളൊരുക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ‌ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Vineeth sreenivasan film karam trailer out now

To advertise here,contact us