ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരീസ് ആണ് ബാഡ്സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood). സീരിസിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. വേദിയിൽ നിന്നുള്ള താരങ്ങളുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. കിംഗ് എന്ന സിനിമയുടെ ഷൂട്ടിനിടെ പരിക്ക് പറ്റിയ ഷാരൂഖ് ഇപ്പോൾ വിശ്രമത്തിലാണ്. വലതു കയ്യിൽ സ്ലിങ് ഇട്ട് കൊണ്ടാണ് ഷാരൂഖ് ഖാൻ എത്തിയത്. ഇപ്പോൾ തനിക്ക് എന്താണ് പറ്റിയതെന്ന് പറയുകയാണ് നടൻ. താനിപ്പോൾ മിക്ക കാര്യങ്ങളും ചെയ്യുന്നത് ഒറ്റക്കൈ കൊണ്ടാണെന്ന് പറഞ്ഞ നടൻ ദേശീയ അവാർഡ് പിടിക്കാൻ എനിക്ക് ഒരു കൈ മാത്രം മതി എന്നും തമാശ രൂപേണ പറഞ്ഞു.
'എന്റെ തോളിന് എന്ത് പറ്റി എന്ന് എല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ തോളിന് ചെറിയ പരിക്ക് പറ്റിയിരുന്നു. അതുകൊണ്ട് ഒരു ശസ്ത്രക്രിയ നടത്തി, അത്ര ചെറുതല്ല- കുറച്ച് വലുതാണ്. അതിനാൽ എനിക്ക് സുഖം പ്രാപിക്കാൻ ഒന്നോ രണ്ടോ മാസമെടുക്കും. പക്ഷേ കുഴപ്പമില്ല, എന്റെ ദേശീയ അവാർഡ് പിടിക്കാൻ എനിക്ക് ഒരു കൈ മാത്രം മതി', ഷാരൂഖ് പറഞ്ഞു.
#ShahRukhKhan opens up about his broken shoulder and winning the National Award at The Ba**ds of Bollywood preview event.#TheBadsOfBollywood #SRK #Celebs pic.twitter.com/AILtVKnflO
താനിപ്പോൾ മിക്ക കാര്യങ്ങളും ചെയ്യുന്നത് ഒറ്റക്കൈ കൊണ്ടാണ്. ഭക്ഷണം കഴിക്കുന്നതും പല്ലു തേക്കുന്നതുമൊക്കെ. എല്ലാവരുടെയും സ്നേഹം സ്വീകരിക്കുന്ന കാര്യം വരുമ്പോൾ മാത്രമാണ് രണ്ട് കയ്യും ഇല്ലാത്തതിന്റെ നഷ്ടം തോന്നുന്നതെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. 71-ാമത് ദേശീയ അവാർഡിലാണ് മികച്ച നടനായി ഷാരൂഖിനെ തിരഞ്ഞെടുത്തത്. അറ്റ്ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തിയത്.
അതേസമയം, ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ബാഡ്സ് ഓഫ് ബോളിവുഡ് ടീസർ ഉറപ്പുനൽകുന്നുണ്ട്. ഷാരൂഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്. നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്.
Content Highlights: Shah Rukh Khan says he only needs one hand to win a National Award