മമ്മൂട്ടി ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്ന വാര്ത്ത കേട്ടതിന്റെ സന്തോഷത്തിലാണ് മലയാളികള്. സാമൂഹ്യ-രാഷ്ട്രീയ-സിനിമാ രംഗത്ത് നിന്നുള്ള നിരവധി പേരാണ് ആശ്വാസവും സന്തോഷവും പങ്കുവെച്ച് എത്തിയിരിക്കുന്നത്. കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തി.
'കാത്തിരിപ്പിനൊടുവില് പ്രിയപ്പെട്ട മെഗാസ്റ്റാര് മമ്മൂട്ടി ഊര്ജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാര്ത്ത അങ്ങേയറ്റം സന്തോഷം പകരുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്ക്രീനില് വീണ്ടും കാണാന് സകല മലയാളികള്ക്കൊപ്പം കാത്തിരിക്കുന്നു!' രമേശ് ചെന്നിത്തല ഫേസ്ബുക്കില് കുറിച്ചു.
വീണ ജോര്ജ്, പി സി വിഷ്ണുനാഥ്, ജോണ് ബ്രിട്ടാസ് തുടങ്ങി നിരവധി പേര് മമ്മൂട്ടിയുടെ തിരിച്ചുവരവില് സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് കുറച്ച് നാളായി പൊതുവേദികളില് നിന്നും സിനിമയില് നിന്നും വിട്ടുനില്ക്കുകയായിരുന്നു മമ്മൂട്ടി.
മമ്മൂട്ടി ആരോഗ്യനില വീണ്ടെടുത്തിരിക്കുന്നുവെന്ന വിവരം നിര്മാതാവ് ആന്റോ ജോസഫാണ് ആദ്യം പങ്കുവെച്ചത്. പ്രാര്ത്ഥിച്ചവര്ക്കും, കൂടെ നിന്നവര്ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല് അസിസ്റ്റന്റായ എസ് ജോര്ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്വതിയും മമ്മൂക്ക പൂര്ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില് പോസ്റ്റ് പങ്കുവെച്ചു.
ഇവരുടെയെല്ലാം പോസ്റ്റുകള്ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര് എത്തുന്നത്. സിനിമയില് മമ്മൂട്ടി സജീവമാകുന്നത് കാണാന് കാത്തിരിക്കുകയാണെന്നാണ് നിരവധി പേര് കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Ramesh Chennithala about Mammotty's come back